ലഖിംപുർ ഖേരി കൂട്ടക്കൊല: മന്ത്രിപുത്രൻ മുഖ്യപ്രതി, 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു,
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയും മന്ത്രിയുടെ ബന്ധു വീരേന്ദ്ര ശുക്ലയെ പ്രതിയാക്കിയും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) ലഖിംപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
5000 പേജുള്ള കുറ്റപത്രത്തിൽ കേന്ദ്ര മന്ത്രിയുടെ പേര് പരാമർശിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനു നടന്ന സംഭവത്തിലും തുടർന്നുണ്ടായ അക്രമത്തിലും നാല് കർഷകരും ഒരു പത്രപ്രവർത്തകനും അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കുറ്റപത്രത്തിലുള്ള 14 പേരിൽ വീരേന്ദ്ര ശുക്ല ഒഴികെ 13 പേരും ജയിലിലാണ്.
കേന്ദ്രമന്ത്രിയെ പ്രതി ചേർക്കാൻ കോടതിയെ സമീപിക്കുമെന്ന് കർഷകർ വ്യക്തമാക്കി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്താറം മുമ്പാകെ കുറ്റപത്രം സമർപ്പിച്ച വിവരം സീനിയർ പ്രോസിക്യൂഷൻ ഓഫിസർ എസ്.പി യാദവാണ് മാധ്യമങ്ങളെ അറിയിച്ചത്. കുറ്റപത്രം കോടതി സ്വീകരിച്ച് പ്രതികൾക്കെതിരെ പ്രാഥമികമായി കുറ്റം ചുമത്തുന്നതോടെ കേസിലെ വിചാരണ നടപടികൾ ആരംഭിക്കും.
തെറ്റായ വിവരം നൽകിയതിനും തെളിവ് അപ്രത്യക്ഷമാക്കിയതിനുമാണ് മന്ത്രി ബന്ധു വീരേന്ദ്ര ശുക്ലക്ക് എതിരെ കേസ്. അദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കർഷകർക്ക് നേരെ ഓടിച്ചുകയറ്റിയ വാഹനത്തിൽ മുഖ്യപ്രതി ആശിഷ് മിശ്രയുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. ഇതിന് ദൃക്സാക്ഷികളുണ്ടെന്നും കേസ് ഡയറിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യാദവ് തുടർന്നു.
അതേസമയം, ശരിയായ രീതിയിൽ കുറ്റാന്വേഷണം നടന്നിട്ടില്ലെന്നാണ് തങ്ങൾ കരുതുന്നതെന്ന് കർഷകരുടെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് അമാൻ പറഞ്ഞു. അജയ് മിശ്രയെ പ്രതി ചേർക്കാൻ എസ്.ഐ.ടിക്ക് അപേക്ഷ നൽകിയെങ്കിലും നടന്നില്ല. കർഷകരെ കൊല്ലാൻ ഉപയോഗിച്ച എസ്.യു.വി കേന്ദ്രമന്ത്രിയുടെ പേരിലുള്ളതാണ്. ശരിയായ അന്വേഷണത്തിന് കോടതിയിൽ പോകേണ്ടി വരുമെന്നും ഇപ്പോൾ നടന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
കൂട്ടക്കൊല മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുള്ളതിനാൽ ആശിഷ് മിശ്ര അടക്കം 13 പ്രതികൾക്കെതിരെ കൊലപാതകശ്രമം അടക്കം പുതിയ വകുപ്പുകൾ ചുമത്താൻ എസ്.ഐ.ടി നൽകിയ അപേക്ഷ കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു.
രണ്ട് എഫ്.ഐ.ആറുകൾ സംഭവത്തെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്തു. സുമിത് ജയ്സ്വാൾ എന്ന ബി.ജെ.പി പ്രവർത്തകൻ സമരം നടത്തുന്ന കർഷകർക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തെ എഫ്.ഐ.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.