യു.പി സ്കൂൾ അധ്യാപക തസ്തിക; അപേക്ഷ കാണാനില്ലെന്ന് ഉദ്യോഗാർഥികൾ
text_fieldsകോഴിക്കോട്: യു.പി സ്കൂൾ അധ്യാപക തസ്തികയിൽ നിരവധി േപരുടെ അപേക്ഷ കാണാനില്ലെന്ന് പരാതി. പി.എസ്.സി നിർദേശപ്രകാരം തന്നെ അയച്ച അപേക്ഷകളായിട്ടും അതിെൻറ വിവരങ്ങളൊന്നും പ്രൊഫൈലിൽ ഇല്ല. അപേക്ഷ നിരസിക്കുകയാണെങ്കിൽ കാര്യകാരണ സഹിതം ആ വിവരം വ്യക്തമാക്കി പ്രൊഫൈലിൽ സന്ദേശം ലഭ്യമാകും. എന്നാൽ, ഇവിടെ അപേക്ഷ അയച്ചതിെൻറ വിവരങ്ങൾപോലും ഇല്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സംസ്ഥാനത്തുടനീളം നിലവിൽ 200 പേരുടെ അപേക്ഷ ഇത്തരത്തിൽ കാണാതായിട്ടുണ്ട്. കോഴിക്കോട്ട് മാത്രം 14 പേരുടെ അപേക്ഷ കാണാതായതായി അറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.
പലരും ഇക്കാര്യം ഇപ്പോഴും അറിഞ്ഞിട്ടില്ല. ആദ്യം തങ്ങളുടെ മാത്രം കുഴപ്പമാണെന്ന് കരുതി. പിന്നീടാണ് ഇൗ പ്രശ്നം പലർക്കുമുണ്ടെന്ന് മനസ്സിലായതെന്ന് ഉദ്യോഗാർഥിയായ നദീറ പറഞ്ഞു.
517/2019 കാറ്റഗറി നമ്പർ പ്രകാരം 2019 ഡിസംബറിലാണ് അപേക്ഷ ക്ഷണിച്ചത്. 2020 നവംബർ ഏഴിന് പരീക്ഷ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. പരീക്ഷക്ക് ഹാജരാകുമെന്ന ഉറപ്പ് നൽകുന്നതിന് ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 11 വരെയാണ് സമയം നൽകിയിട്ടുള്ളത്. പലർക്കും ഈ സന്ദേശം ലഭിക്കാത്തതിനെ തുടർന്ന് പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് അപേക്ഷ അയച്ചതിെൻറ വിവരങ്ങൾ കാണാനില്ലെന്ന കാര്യം അറിയുന്നത്.
അപേക്ഷ അയച്ച സമയത്ത് വിജയകരമായി അപേക്ഷിച്ചെന്ന സന്ദേശം ലഭിച്ചിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, അപേക്ഷയുടെ പ്രിൻറൗട്ട് എടുക്കാൻ സാധിച്ചിരുന്നില്ല. അത് സാങ്കേതിക പ്രശ്നമാണെന്ന് കരുതി ഒഴിവാക്കുകയും ചെയ്തു. യു.പി സ്കൂൾ അധ്യാപക തസ്തികയിലേക്ക് അഞ്ചു വർഷത്തിനു ശേഷമാണ് അപേക്ഷ ക്ഷണിക്കുന്നത്. നിരവധി ഒഴിവുകളും ഉണ്ടായിരുന്നു.
പലരുടെയും അവസാന അവസരംകൂടിയാണ് സാങ്കേതിക കുരുക്കിൽപെട്ട് നഷ്ടപ്പെടുന്നത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പി.എസ്.സി ഓഫിസിലും വിവരം അറിയിച്ചിട്ടുണ്ട്. അധികൃതരിൽനിന്ന് അനുകൂല നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.