നടക്കാൻ പോകുന്നത് കേരളത്തിെൻറ ഇടതുപക്ഷ മനസ്സിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനകൾ -എ. വിജയരാഘവൻ
text_fieldsതൃശൂർ: വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വലതുപക്ഷം കേരളത്തെ വിലക്ക് വാങ്ങുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷഭാഗമായി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'തലമുറകളുടെ മഹാസംഗമം' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, ബി.ജെ.പി, കേന്ദ്ര ഏജൻസികൾ, മതമൗലികവാദ സംഘടനകൾ എന്നിവരെ ഒരുമിപ്പിച്ച് നിർത്തി കുത്തക മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിെൻറ ഇടതുപക്ഷ മനസ്സിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയുടെ പ്രയോഗം വരുംദിവസങ്ങളിൽ നടക്കാൻ പോവുകയാണ്.
ഇടതുപക്ഷത്തിെൻറ തുടർഭരണ സാധ്യത ഇല്ലാതാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. വലിയ നുണകളാണ് അവർ ഒരുക്കിയിട്ടുള്ളത്. കുത്തകകൾ വലതുപക്ഷ ശക്തികൾക്കായി പണമിറക്കും. ആ നിലക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പണം ഒഴുകാൻ പോകുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കേന്ദ്ര സർക്കാറിെൻറ കോർപറേറ്റ് നയങ്ങൾക്ക് ബദലായി ജനപക്ഷ നടപടികളുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോവുകയാണ്. ഈ സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.
എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജാസിൽ ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി യു.പി ജോസഫ് പതാക ഉയർത്തി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്‌ണൻ, ജില്ല സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാനകമ്മിറ്റി അംഗം പി.കെ ബിജു, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വി.എ വിനീഷ്, ആർ. ബിന്ദു, കെ.ആർ വിജയ, രക്തസാക്ഷി കുടുംബാഗങ്ങൾ, മുൻ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി സി.എസ് സംഗീത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.