പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ -2025; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025 ൻറെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങൾ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽ നിന്നും ഒഴിവാക്കി.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്.
കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതി നാഥ് അറിയിച്ചു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകൾ ഇക്കാലയളവിൽ സമർപ്പിക്കാം.
voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന്, എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതിയിൽ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ് ലഭിക്കും.
2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.