തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം; സുരേഷ് ഗോപി പ്രഖ്യാപിച്ചത് ആറുമാസം മുമ്പ് നിർമാണോദ്ഘാടനം നടന്ന പദ്ധതി
text_fieldsതൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ആറുമാസം മുമ്പ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതി. റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നും 25 വർഷത്തെ വികസന ലക്ഷ്യം മുൻനിർത്തിയുള്ള രണ്ട് പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നുമാണ് തിങ്കളാഴ്ച വൈകീട്ട് തൃശൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, തൃശൂർ റെയിൽവേ സ്റ്റേഷന്റെയും ഗുരുവായൂർ അമൃത് സ്റ്റേഷന്റെയും രാജ്യാന്തര നിലവാരത്തിലുള്ള പുനർനിർമാണ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിയിൽ, ടി.എൻ. പ്രതാപൻ എം.പിയായിരുന്ന കാലത്താണ് തൃശൂർ, ഗുരുവായൂർ സ്റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനം നടന്നത്.
411 കോടി രൂപ ചെലവിലാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം വിഭാവനം ചെയ്തത്. 2020 സെപ്റ്റംബർ 18ന് ഈ ആവശ്യമുന്നയിച്ച് ടി.എൻ. പ്രതാപൻ റെയിൽവേ ബോർഡ് ചെയർമാനുമായി ചർച്ച നടത്തുകയും തൃശൂരിൽ അദ്ദേഹം വിളിച്ചുകൂട്ടിയ അവലോകന യോഗത്തിൽ പങ്കെടുത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇതിന്റെ പുരോഗതി അറിയിക്കുകയും ചെയ്തിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷന്റെ വിമാനത്താവള മാതൃകയിലുള്ള നവീകരണ പദ്ധതിയുടെ വിശദാംശങ്ങളും അന്ന് പുറത്ത് വിട്ടിരുന്നു. ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതിയിൽ നവീകരിക്കാൻ 5.11 കോടി രൂപയാണ് അനുവദിച്ചത്. അമൃത് സ്റ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, പൂങ്കുന്നം റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുത്തിയ വിവരവും അന്ന് ടി.എൻ. പ്രതാപൻ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.