അംബേദ്കറിന് സവർണ വേഷം : പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാർച്ച്
text_fieldsകോഴിക്കോട്:ഭരണഘടനാ ശിൽപിയും ദലിത് അവകാശ പോരാട്ടങ്ങളുടെ നായകനുമായ ഡോ. ബി.ആർ. അംബേദ്കറിനെ സവർണ വേഷത്തിൽ അവതരിപ്പിച്ചുള്ള പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദലിത് കൂട്ടായ്മ നേതാക്കൾ അറിയിച്ചു. ഹൈകോടതി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡി.സി ബുക്സിലേക്കാണ് പ്രതിഷേധ മാർച്ച്.
ഉണ്ണി. ആറിന്‍റെ 'മലയാളി മെമ്മോറിയൽ' കഥാസമാഹാരത്തിന് സൈനുൽ ആബിദ് ഒരുക്കിയ കവർ ചിത്രമാണ് വിവാദമായത്. പാരമ്പര്യ വേഷം ധരിച്ചല്ല അംബേദ്ക്കർ ജീവിച്ചത്. എന്നാൽ, പുസ്തകത്തിൽ കേരളത്തിന്റെ കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ് ചാരുകസേരയിലിരിക്കുന്ന അംബേദ്കറിനെയാണ് മുഖചിത്രത്തിൽ കാണിക്കുന്നത്.
കെ അംബുജാക്ഷൻ, എം.ഗീതാനന്ദൻ, അഡ്വ:സജി കെ ചേരമൻ, രമേഷ് നന്മണ്ട, ശ്രീരാമൻ കൊയ്യോൻ, കെ.കെ ജിൻഷു, അഡ്വ. സുനിൽ സി. കുട്ടപ്പൻ, പി.വി സജിവ് കുമാർ, പി.കെ വേണു, കെ.ഐ ഹരി, വി.എസ് രാധാകൃഷ്ണൻ, പി.പി സന്തോഷ്, സി.എസ് മുരളി ശങ്കർ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സാസരിക്കും.
അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അംബേദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരിൽ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്. പുസ്തകത്തിന്‍റെ വിൽപനക്കായി മനപൂർവം വിവാദം സൃഷ്ടിക്കാനാണ് ഇത്തരമൊരു കവർ ഒരുക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ള ദലിത് ചിന്തകരും സാംസ്കാരിക പ്രവർത്തകരും കവറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അംബേദ്കറുടെ സ്വത്വത്തിന് മേലുള്ള സവർണ്ണ അധിനിവേശം എന്നാണ് സണ്ണി എം. കപിക്കാട് ഇതിനെ വിശേഷിപ്പിച്ചത്. നായരെപ്പോലെ തോന്നിക്കുന്ന ഉയർന്ന ജാതി വസ്ത്രം ധരിച്ച അംബേദ്കറുടെ അത്തരമൊരു ചിത്രം ഒരിക്കലും അംബേദ്കറുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ശരിക്കും ഇത് അദ്ദേഹത്തിന് അപമാനകരമാണ്. അംബേദ്കര്‍ തന്റെ ജീവിത കാലത്ത് എതിര്‍ക്കാന്‍ ശ്രമിച്ചതെല്ലാം ഇപ്പോള്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണ്. വിവാദമുണ്ടാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നതിനാൽ ഇതിനെ വലിയ വിവാദമാക്കിയെടുക്കുന്നില്ല. അംബേദ്കർ ഇതിനെല്ലാം മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.