യു.പി.എസ്.എ അപേക്ഷ: കൂടുതൽ പരിശോധനക്ക് സാങ്കേതികവിഭാഗം
text_fieldsതിരുവനന്തപുരം: യു.പി സ്കൂൾ അധ്യാപകതസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷകൾ കാണാനില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ സാങ്കേതികവിഭാഗത്തെ പി.എസ്.സി ചുമതലപ്പെടുത്തി. പ്രാഥമികപരിശോധനയിൽ സാങ്കേതികപ്പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കമീഷന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൂടുതൽ പേർ പരാതിയുമായി എത്തിയ സാഹചര്യത്തിലാണ് ആഴത്തിലുള്ള പരിശോധന തിങ്കളാഴ്ച ചേർന്ന കമീഷൻ ആവശ്യപ്പെട്ടത്. തൊഴിൽ നിഷേധത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച ഉദ്യോഗാർഥികളെ വിലക്കാൻ തീരുമാനിച്ചെന്ന വാർത്ത പത്രക്കുറിപ്പിൽ വന്ന അബദ്ധമാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ യോഗത്തിൽ വിശദീകരിച്ചു.
കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോതെറപ്പിസ്റ്റ് തസ്തികകളുടെ തെരഞ്ഞെടുപ്പിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചതിന് ഉദ്യോഗാർഥികൾക്കെതിരെ റൂൾ 22 പ്രകാരം നടപടി നിലനിൽക്കുമോയെന്ന് അന്വേഷിക്കാനാണ് ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തിയത്.റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളുടെ വാദം കേട്ട ശേഷമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച യോഗത്തിൽ പി.എസ്.സിയിലെ രണ്ടുജീവനക്കാർ പങ്കെടുത്തെന്ന ആരോപണം അന്വേഷിക്കാൻ സെക്രട്ടറി സാജു ജോർജിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ സൈനികക്ഷേമ വകുപ്പിൽ വെൽെഫയർ ഓർഗനൈസർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൻ.സി.സി വകുപ്പിൽ ബോട്ട് കീപ്പർ (വിമുക്തഭടൻമാർ/ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് മാത്രം) തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (അറബിക്) തസ്തികമാറ്റം മുഖേന, ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൻ.സി.എ- പട്ടികജാതി) തസ്തികയിൽ അഭിമുഖം നടത്താനും കമീഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.