യു.പി.എസ്.എ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കണം
text_fieldsപേരാമ്പ്ര: കോഴിക്കോട് ജില്ലയിൽ യു.പി.എസ്.എ മെയിൻ ലിസ്റ്റിൽ 300 ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചിരിക്കുകയാണെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ രംഗത്ത്. നിലവിൽ ഉള്ള ലിസ്റ്റിൽ നിന്ന് 236 ആളുകൾക്കാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിയമനം ലഭിച്ചത്.
ഒരു വർഷം കൂടി ലിസ്റ്റിന് കാലാവധി ഉണ്ടെങ്കിലും ലിസ്റ്റ് ഏതാണ്ട് തീർന്നു കഴിഞ്ഞു. ജില്ലയിൽ യു.പി സ്കൂളുകളിൽനിന്നും 2021 -2024 വർഷങ്ങളിൽ നിരവധി ഒഴിവുകൾ ഉണ്ടാവാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷങ്ങളിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകൾ നികത്താൻ ഈ ലിസ്റ്റ് അപര്യാപ്തമാണ്. ഏകദേശം 500നടുത്ത് ഒഴിവുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.
നിലവിൽ 160 ഓളം നിയമനം നടന്ന വയനാട് ജില്ലയിലും, 100ൽ താഴെ നിയമനം നടന്ന ഇടുക്കി ജില്ലയിലും 150 ഓളം നിയമനം നടന്ന തൃശൂർ ജില്ലയിലുമൊക്കെ 300 പേരുടെ മെയിൻ ലിസ്റ്റ് ഇടാൻ തീരുമാനിച്ചപ്പോൾ 236ഓളം നിയമനം നടക്കുകയും കാലാവധി തികയുന്നതിനു ഒരു വർഷം മുൻപേ മുഴുവൻ ആളുകൾക്കും അഡ്വൈസ് അയക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലും കേവലം 300 പേരെ മാത്രം മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വിരോധാഭാസമാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ലിസ്റ്റിൽ ആളുകൾ കുറഞ്ഞുപോയി എന്ന ആക്ഷേപവുമായി സപ്ലിമെൻററി ലിസ്റ്റിലെ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അതുപോലെ ഒരു സാഹചര്യം പുതിയ ലിസ്റ്റിന് ഉണ്ടാവാതിരിക്കുകയും വേണം. വിവരാവകാശ പ്രകാരം ജില്ലയിലെ സ്കൂളുകളിൽനിന്നും അറിയാൻ കഴിഞ്ഞത് നിലവിൽ 50 ഓളം ഒഴിവ് ഉണ്ടെന്നാണ്.
എന്നാൽ, അത് പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരുപാട് പ്രതീക്ഷയോടെ പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള ഒരു ഇരുട്ടടി ആണ് ഇത്തരത്തിൽ ചെറിയ ലിസ്റ്റ് ഇടാനുള്ള പി.എസ്.സിയുടെ തീരുമാനം. പി.എസ്.സി തീരുമാനം പുനഃപരിശോധിച്ച് കോഴിക്കോട് ജില്ലയിലെ യു.പി.എസ്.എ ലിസ്റ്റിൽ 500 ആളുകളെയെങ്കിലും മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.