നഗരാസൂത്രണം പുതിയ കാഴ്ചപ്പാടിലേക്ക്; ഭരണസമിതികളിൽ 25 ശതമാനം സംവരണം യുവജനങ്ങൾക്ക്
text_fieldsതിരുവനന്തപുരം: നഗരാസൂത്രണത്തിന് പുതിയ കാഴ്ചപ്പാടും ഭരണസമിതികളിൽ യുവജനങ്ങൾക്ക് 25 ശതമാനം സംവരണവും കൊണ്ടുവരുന്നതടക്കം നിർദേശങ്ങളുമായി നഗരനയ കമീഷന്റെ ഇടക്കാല റിപ്പോർട്ട്. നഗര-ഗ്രാമഭേദമില്ലാതെ സംസ്ഥാനത്തെ ഒറ്റ നഗരമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നഗരനയം നടപ്പാക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗരാസൂത്രണം കാലാവസ്ഥ മാറ്റങ്ങൾക്കനുസൃതമായി ചിട്ടപ്പെടുത്തുക, തദ്ദേശ സ്ഥാപനങ്ങളിൽ പ്രഫഷനലുകളെ നിയമിക്കുക, സംരംഭകരെ കൈപിടിച്ചുയർത്താൻ നഗരങ്ങളിൽ സംരംഭക വികസന കൗൺസിൽ രൂപവത്കരിക്കുക, കോർപറേഷനുകളിലെ ക്രെഡിറ്റ് റേറ്റിങ് പുതുക്കുക എന്നിവ ഉൾപ്പെടെ 48 നിർദേശങ്ങളാണ് ഇടക്കാല റിപ്പോർട്ടിലുള്ളത്.
മുനിസിപ്പൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രെഡിറ്റ് റേറ്റിങ് പുതുക്കൽ. സ്വന്തം നിലയിൽ വായ്പകളെടുത്താൽ തിരിച്ചടക്കാനുള്ള ശേഷി ഓരോ കോർപറേഷനും എത്രയുണ്ടെന്നത് ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ സമഗ്ര വികസനത്തിനായി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി രൂപവത്കരിക്കണമെന്നും 10 വർഷത്തിനുള്ളിൽ കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിലും ഇത് നടപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.
പശ്ചിമഘട്ടത്തിന് നേരെ കിഴക്കോട്ടും ഉത്തര മലബാറിലേക്ക് വടക്കോട്ടും നഗര ക്ലസ്റ്ററുകൾ രൂപപ്പെടുന്ന വിധത്തിലാണ് നഗരവത്കരണമുണ്ടാകുന്നതെന്ന് 2050 വരെയുള്ള വികസനത്തിന്റെ സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിക്കൊണ്ട് റിപ്പോർട്ടിൽ പറയുന്നു. ഇടക്കാല റിപ്പോർട്ടിന്മേലുള്ള സർക്കാറിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമഗ്രമാക്കുന്നതിനുള്ള നിർദേശം കമീഷന് നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റ് പ്രധാന നിർദേശങ്ങൾ
* സംരംഭങ്ങളെയും സാങ്കേതിക-വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തുന്നതിന് ജില്ല തല മാപ്പിങ്
* കിലയുടെ സഹായത്തോടെ കോഴിക്കോട് എൻ.ഐ.ടി, കുസാറ്റ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ കണ്ണിചേർത്ത് സമഗ്ര വിവര വിശകലനം
* എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങൾ
* ഉന്നത നിലവാരമുള്ള സ്ഥല വികസന പദ്ധതികൾ
* സ്മാർട്ട് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം
* വരൾച്ച മേഖലയിൽ സംയോജിത നീർത്തടാധിഷ്ഠിത പദ്ധതി
* അതി വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം
* പശ്ചിമഘട്ട സംരക്ഷണത്തിന് അഞ്ച് സംസ്ഥാനങ്ങൾ ചേർന്നുകൊണ്ടുള്ള സംയുക്ത പരിപാടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.