പരിഷ്കരണം പൊല്ലാപ്പായി; ഉർദു ഗസൽ ഗ്രേഡിൽ മങ്ങൽ
text_fieldsകലോത്സവത്തിലെ മാനുവൽ പരിഷ്കരണം ഉർദു ഗസലിൽ നടപ്പാക്കിയപ്പോൾ മത്സരാർഥികളിൽ പകുതിയിലേറെയും എ ഗ്രേഡിന് പുറത്ത്. കഴിഞ്ഞദിവസം നടന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് ഭൂരിഭാഗവും ബി, സി ഗ്രേഡുകാരായി മാറിയത്. കഴിഞ്ഞവർഷം വരെ ഈ ഇനത്തിൽ വിധികർത്താക്കളായിരുന്നത് ഉർദുഭാഷ-സാഹിത്യ മേഖലയിൽ വിദഗ്ധരായ രണ്ടുപേരും ഒരു സംഗീതജ്ഞനുമായിരുന്നു. ഇക്കുറി അത് ഭാഷാപ്രാവീണ്യം നിർബന്ധമില്ലാത്ത രണ്ട് സംഗീതജ്ഞരും ഒരു ഉർദു ഭാഷാവിദഗ്ധനും മാത്രമായി.
അതോടെ ഗസലിന്റെ അക്ഷരവും ചൈതന്യവും ഭാഷയുമൊക്കെ മാർക്കിന്റെ കാര്യത്തിൽ അവഗണിക്കപ്പെടുകയും ഈണവും താളവും പ്രാധാന്യത്തിലാവുകയും ചെയ്തു. മേളയിൽ ഉർദു ഗസലിന് മാർക്കിടാനെത്തിയ വരിൽ പലരും ഭാഷയുമായി ഒരു ബന്ധവുമില്ലാത്ത വെറും സംഗീതജ്ഞരാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ‘മഖ്ത’ എന്നപേരിൽ കവിയുടെ തൂലികനാമത്തോടെ അവസാനിക്കുന്നതാണ് ഉർദു ഗസൽ. അത്പോലും പരിഗണിക്കാത്തവർ മുന്നിലെത്തുകയും ഗസൽ അതിന്റെ തനിമയിൽ അവതരിപ്പിച്ചവർ പിന്നിലാവുകയുമായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 പേരും ഹയർ സെക്കൻഡറി വിഭാഗത്തിൽ 15 പേരും മത്സരിച്ചപ്പോൾ ഇവരിൽ എട്ടുപേർക്ക് വീതം മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്. ചിലരൊക്കെ സി ഗ്രേഡിലേക്ക് താഴ്ന്നു. സാധാരണ സംസ്ഥാന തലത്തിൽ ഈ വിഭാഗത്തിൽ മത്സരിക്കാനെത്തുന്ന 90 ശതാനം പേർക്കും എ ഗ്രേഡ് ഉറപ്പാണ്. ഞായറാഴ്ച നടക്കുന്ന ഉർദു സംഘഗാന മത്സരത്തിലും ഇതേ പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക വിദ്യാർഥികളും അധ്യാപകരും പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.