ഉരു കടലിൽ തകർന്നു; ജീവനക്കാരെ രക്ഷിച്ചു
text_fieldsബേപ്പൂർ: ആന്ത്രോത്ത് ദ്വീപിലേക്ക് ചരക്കുമായി ബേപ്പൂരിൽനിന്ന് പുറപ്പെട്ട ഉരു പ്രതികൂലകാലാവസ്ഥയെ തുടർന്ന് കടലിൽ മുങ്ങി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അബ്ദുൽ റസാഖിന്റെ ഉടമസ്ഥതയിലുള്ള 'എം.എസ്.വി മലബാർ ലൈറ്റ്' ഉരുവാണ് ബേപ്പൂരിന് പടിഞ്ഞാറ് ഏഴ് നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മുങ്ങിയത്. ഗുജറാത്ത് സ്വദേശികളായ ഉരുവിന്റെ തണ്ടേൽ (സ്രാങ്ക്) ലത്തീഫ് ഉമ്മർ മോഡി (46), ജീവനക്കാരായ ഷബീർ ഒമർ (37), ആരിഫ് അലി (36), റാസിദ് (40), റജാഖ് കാസിം (56), മമ്മദ് സമേർ (42) എന്നിവരെ തീരസേന രക്ഷിച്ച് ബേപ്പൂർ തുറമുഖത്ത് എത്തിച്ചു.
ശനിയാഴ്ച വൈകീട്ട് സിമന്റ്, കമ്പി, എം സാൻഡ്, ഹോളോബ്രിക്സ്, ഇഷ്ടിക, വയറിങ് സാമഗ്രികൾ, ഇരുമ്പ്, അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ഫിറ്റിങ്സ് തുടങ്ങിയ നിർമാണവസ്തുക്കളും 14 കന്നുകാലികളുമായാണ് ഉരു ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ടത്.
ശനിയാഴ്ച അർധരാത്രിയോടെ പൊടുന്നനെ ആഞ്ഞുവീശിയ കാറ്റിലും ശക്തമായ മഴയിലും കടൽക്ഷോഭത്തിലും രൂപപ്പെട്ട കൂറ്റൻ തിരമാലകളിൽപെട്ട് ഉരുവിന്റെ പുറംഭാഗത്തെ പലകയിളകി അകത്തേക്ക് വെള്ളം കയറിയാണ് മുങ്ങിയത്. ബേപ്പൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ പുറംകടലിൽ എത്തിയപ്പോഴാണ് കടൽക്ഷോഭം തുടങ്ങിയത്. ഉടൻ ജീവനക്കാർ തിരിച്ചു ബേപ്പൂരിലേക്ക് പുറപ്പെട്ടെങ്കിലും ഏഴ് നോട്ടിക്കൽ മൈൽ എത്തിയപ്പോഴേക്കും പുറംകടലിൽ എൻജിൻ റൂമിലടക്കം വെള്ളം കയറി ഉരു മുങ്ങി.
കോസ്റ്റ് ഗാർഡ് റെസ്ക്യൂ ഗാർഡുമാർ 'സി 404' കപ്പലുമായി സ്ഥലത്തെത്തി ലൈഫ് ബോട്ടിൽ, രക്ഷപ്പെട്ട പ്രാപിച്ച ജോലിക്കാരെ രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്ത് സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ചരക്കുകൾ അടക്കം ഉരു മുങ്ങിത്താഴ്ന്നതിനാൽ രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.