ഇന്ത്യൻ ചെമ്മീന് യു.എസ് നിരോധനം; പ്രതിഷേധം ശക്തം
text_fieldsമട്ടാഞ്ചേരി: ഇന്ത്യൻ ചെമ്മീന് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ മത്സ്യ ബന്ധന മേഖലയിൽ വൻ പ്രതിഷേധം. കടലാമകളെ സംരക്ഷിക്കാൻ നടപടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇതോടെ ചെമ്മീന് വില ഇടിഞ്ഞിരിക്കയാണ്.
വലിയ നാരൻ ചെമ്മീൻ മുതൽ ചെറിയ തെള്ളിക്ക് വരെ വില കുറഞ്ഞുവരികയാണ്. ജപ്പാനും നിരോധത്തിനുള്ള നീക്കത്തിലാണെന്നാണ് അറിയുന്നത്. ഇതിന് പ്രതിവിധിയെന്നോണം കടലാമ സംരക്ഷണത്തിനായി ടി.ഇ.ഡി ഉപകരണം മത്സ്യ ബന്ധനവലകളിൽ ഘടിപ്പിക്കണമെന്നാണ് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞർ നൽകുന്ന നിർദേശം. ഇത് ഘടിപ്പിക്കുന്ന വലയിൽ കുടുങ്ങിയാൽ കടലാമകൾക്ക് പുറത്തേക്ക് പോകാൻ കഴിയും. അമേരിക്കയിലുള്ള വിദഗ്ധരും ഈ ഉപകരണം വലയിൽ ഘടിപ്പിക്കുന്നത് ഫലപ്രദമെന്ന് വിലയിരുത്തിയിട്ടുണ്ട്.
എന്നാൽ, ഉപകരണത്തിന്റെ വില മത്സ്യ ബന്ധന ബോട്ട് ഉടമകൾക്ക് താങ്ങാനാവുന്നതല്ല. ഒരു വലയിൽ ഈ ഉപകരണം ഘടിപ്പിക്കാൻ 25,000 രൂപയോളം വേണ്ടി വരും. ഒരു ബോട്ടിൽ 10-15 വലകൾ ഉണ്ടാകും. ഇവയിലെല്ലാം ഉപകരണം പിടിപ്പിക്കാൻ വലിയ സംഖ്യ വേണ്ടിവരും. അത് തങ്ങൾക്ക് താങ്ങാനാവുന്നില്ലെന്ന് ബോട്ടുടമകൾ പറയുന്നത്. ഉപകരണം ഘടിപ്പിച്ചാൽ വലയിൽ കുടുങ്ങുന്ന കാൽ ശതമാനം മത്സ്യങ്ങളും അതുവഴി പുറത്തേക്ക് ചാടുമെന്നും ഇത് പൊതുവെ മത്സ്യലഭ്യത കുറഞ്ഞ അവസ്ഥയിൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ ഇടപെട്ട് നിരോധനം പിൻവലിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യമേഖലയിലുള്ളവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.