യു.എസ് കോൺസൽ ജനറൽ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു
text_fieldsതിരുവനന്തപുരം: ചെന്നൈയിലെ യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിന്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം തൈയ്ക്കാടുളള നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. പ്രതിനിധിസംഘത്തെ സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
പ്രതിനിധി സംഘവുമായി നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക വകുപ്പിനെ സംബന്ധിച്ചും ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസി സമൂഹത്തെകുറിച്ചും നോര്‍ക്ക റൂട്ട്സിനെ സംബന്ധിച്ചും ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു. നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന വിവിധ പ്രവാസികേന്ദ്രീകൃതമായ പദ്ധതികള്‍, സേവനങ്ങള്‍, വിവിധ വിദേശരാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്മെന്റുകള്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍, ബിസിനസ് പങ്കാളിത്ത സാധ്യതകള്‍ എന്നിവയും ചർച്ചക്ക് വിഷയമായി.
രാഷ്ട്രീയ സാമ്പത്തികകാര്യ ഉദ്യോഗസ്ഥ വിര്‍സ പെര്‍കിന്‍സ്, രാഷ്ട്രീയകാര്യ വിദഗ്ദന്‍ പൊന്നൂസ് മാത്തന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോഗ്യരംഗം ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളിലായി കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും ചര്‍ച്ച ചെയ്തു. കേരളത്തില്‍ നിന്നും യു.എസിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവര്‍ക്ക് ഉപകാരപ്രദമാകും വിധം വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് കോൺസൽ ജനറൽ പറഞ്ഞു. ടൂറിസം ഉള്‍പ്പെടെ വിവിധ ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് സാധ്യതകളും ടാലന്റ് മൊബിലിറ്റി സാധ്യതകളും ചര്‍ച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.