മീനിന് രുചിവ്യത്യാസം: പുതിയ രാസവസ്തു ഉപയോഗിക്കുന്നതായി സംശയം; കണ്ടെത്താൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന
text_fieldsകോഴിക്കോട്: മത്സ്യത്തിന് രാസവസ്തുവിന്റെ രുചിയെന്ന് വ്യാപക പരാതി. നഗരത്തിന് പുറത്ത് ലഭിക്കുന്ന മത്സ്യത്തെക്കുറിച്ചാണ് ഭക്ഷ്യസുരക്ഷവകുപ്പിന് വ്യാപക പരാതി ലഭിക്കുന്നത്.
കേടുവരാതിരിക്കാൻ ഉപയോഗിക്കാറുള്ള ഫോർമാലിന് പകരം പുതിയ തരം രാസവസ്തു ഉപയോഗിക്കുന്നതായാണ് സൂചന. ഫോർമാലിൻ പരിശോധന ശക്തമാക്കിയതിനാലാണ് പകരം രാസവസ്തു ഉപയോഗിക്കുന്നത് എന്നാണ് നിഗമനം. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ യോഗം ചേരും.
ചൂട് കാലമായതോടെ മീൻ കേടുവരാതിരിക്കാൻ വ്യാപകമായി രാസവസ്തു ഉപയോഗിക്കാൻ സാധ്യതയുണ്ട്. പരിശോധന കർശനമാക്കാനാണ് അധികൃതരുടെ നീക്കം. കറിവെച്ച മീനിനാണ് നിശ്ചിതസമയം കഴിഞ്ഞാൽ രാസവസ്തുവിന്റെ രുചിയും മണവും അനുഭവപ്പെടുന്നത്.
വൻകിട ബോട്ടുകൾ പിടിക്കുന്ന മീൻ ആഴ്ചകളോളം കഴിഞ്ഞാണ് കരക്കെത്തുന്നത്. പുറത്തുനിന്ന് വരുന്ന മീൻ അധികവും വിറ്റഴിക്കുന്നത് ഗ്രാമീണമേഖലയിലാണ്. പലയിടത്തും കുറ്റൻ ഫ്രീസറുകളുള്ള ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്ന് പരാതിയുണ്ട്.
വിപണിയിൽനിന്ന് നേരിട്ട് സാമ്പിളുകളെടുത്താണ് അധികൃതർ പരിശോധനക്ക് കൊണ്ടുപോവുന്നത്. അതേസമയം, കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും 'ഫ്രഷ്' മീനാണ് ലഭിക്കുന്നത്. അയല, കിളിമീൻ (കോര), മാന്തൾ, ചെമ്മീൻ, സൂത തുടങ്ങിയ മീനുകൾ സുലഭമാണ്.
അയലയാണ് ഏറ്റവും കൂടുതൽ. മത്തി കൂടുതലും ഇതരസംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. പുതിയ ഗണത്തിൽ പെട്ട 'കഷ്ണം മീനുകൾ' നിരവധിയുണ്ട്. പ്രാദേശികമായി ലഭിക്കുന്ന മീനിന് ഡിമാന്റ് ഉണ്ട്. ചൂണ്ടയിൽ പിടിക്കുന്ന അയക്കോറയുൾപ്പെടെ മീൻ ആവശ്യക്കാർക്ക് വലിയ വിലക്ക് നേരിട്ട് വിൽക്കുന്നവരുമുണ്ട്. ഇതിലൊന്നും രാസവസ്തുവിന്റെ സാന്നിധ്യം ഉള്ളതായി പരാതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.