മന്ത്രിയുടെ ഉത്തരവിന് പുല്ലുവില; ആശുപത്രി വളപ്പിലെ പഴയ വാഹനങ്ങൾ മാറ്റിയില്ല
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രി വളപ്പിൽ തള്ളിയ ഉപയോഗശൂന്യമായ വാഹനങ്ങൾ കണ്ടംചെയ്ത് നീക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ഉത്തരവിറക്കി വർഷം ഒന്നാകാറായിട്ടും നടപടിയില്ല. വാഹനങ്ങളുടെ എണ്ണം കൂടുകയും പരിസരം കാടുപിടിക്കുകയുമല്ലാതെ മറ്റൊന്നും നടന്നില്ല. ആംബുലൻസുകളും വാനുകളും അടക്കം 22 വാഹനങ്ങളാണ് ആശുപത്രി വളപ്പിൽ പാലിയേറ്റിവ് പരിചരണകേന്ദ്രത്തിനു സമീപവും ആർ.എം.ഒ ക്വാർട്ടേഴ്സിനു സമീപവും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇതിൽ രണ്ടോ മൂന്നോ എണ്ണം മാത്രമാണ് ജനറൽ ആശുപത്രിയുടേതായി ഉള്ളത്. ബാക്കിയെല്ലാം ജില്ല മെഡിക്കൽ ഓഫിസിന്റെയും ആരോഗ്യ വകുപ്പിന്റെയും വാഹനങ്ങളാണ്. പലപ്പോഴായി കേടുവന്നവ ആണിത്. പുതിയ വാഹനങ്ങൾ കിട്ടുമ്പോൾ പഴയതിനെക്കുറിച്ചു മറക്കും.
വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കും. വാഹനങ്ങൾ കിടക്കുന്നതിനാൽ അത്രയും സ്ഥലം നിർമാണപ്രവർത്തനങ്ങൾക്ക് ഉപേയാഗിക്കാനാകാത്ത സ്ഥിതി ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ‘ആർദ്രം, ആരോഗ്യം’ ആശുപത്രി സന്ദർശനത്തിനിടെ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ജില്ല ജനറൽ ആശുപത്രിയിലേതടക്കം വാഹനങ്ങൾ നീക്കാൻ മന്ത്രി ഉത്തരവിറക്കിയത്. വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് അനാവശ്യ കാലതാമസം ഒഴിവാക്കാനും പത്തും അതിലധികവും വര്ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ രണ്ടുമാസത്തിനുള്ളില് കണ്ടം ചെയ്ത് ഒഴിവാക്കാനുമായിരുന്നു ഉത്തരവ്. ഈ പഴയ വാഹനങ്ങൾ നീക്കിയാൽ അമ്പതോളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനാവും. ആശുപത്രിയിലെ വലിയൊരു സ്ഥലമാണ് പഴയ വാഹനങ്ങൾ തള്ളി ഉപയോഗശൂന്യമാക്കിയിട്ടുള്ളത്.
നിലവിൽ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന്റെ ഭാഗമായി വലിയൊരു ഭാഗം അടച്ചുകെട്ടിയതിനാൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്കും ഡോക്ടർമാരുടെ വാഹനങ്ങൾക്കും പാർക്കിങ്ങിന് ഇടമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.