ഉഷ രാജ്യസഭയിലേക്ക്; നാട്ടിൽ ആഹ്ലാദം
text_fieldsസേലത്തെ വിനായക മിഷൻ റിസർച് ഫൗണ്ടേഷൻ ഡീംഡ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി സ്വീകരിക്കാനെത്തിയ പി.ടി. ഉഷക്ക് വൈസ് ചാൻസലറുടെ പത്നി ഡോ. ഷീല മധുരം നൽകുന്നു. വൈസ് ചാൻസലർ ഡോ. സുധീർ, ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ എന്നിവർ സമീപം
പയ്യോളി: ലോക കായിക ഭൂപടത്തിൽ ഇന്ത്യയെയും പയ്യോളിയെന്ന കൊച്ചുഗ്രാമത്തിന്റെയും യശസ്സ് വാനോളമുയർത്തിയ ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭ എം.പിയാവുന്നതിൽ നാട് ആഹ്ലാദ നിറവിൽ.ബുധനാഴ്ച വൈകീട്ടോടെ നാമനിർദേശം ചെയ്ത വിവരം ധരിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വരുമ്പോൾ ഉഷ ഭർത്താവ് ശ്രീനിവാസനോടൊപ്പം തമിഴ്നാട്ടിലെ സേലത്തേക്കുള്ള യാത്രയിലായിരുന്നു. സേലത്തെ വിനായക മിഷൻ റിസർച് ഫൗണ്ടേഷൻ ഡീംഡ് യൂനിവേഴ്സിറ്റി നൽകുന്ന ഡോക്ടറേറ്റ് പദവി സ്വീകരിക്കാനാണ് ഉഷ സേലത്തേക്ക് പോയത്.
സേലത്തെ യൂനിവേഴ്സിറ്റിയിലെത്തിയ പി.ടി. ഉഷയെയും ഭർത്താവിനെയും വൈസ് ചാൻസലർ ഡോ. സുധീർ, പത്നി ഡോ. ഷീല എന്നിവർ കേക്കുമുറിച്ച് മധുരം നൽകിയാണ് സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവന്റെ നേതൃത്വത്തിലുള്ള സംഘം ഉഷയുടെ പയ്യോളിയിലെ വീട്ടിലെത്തി ആശംസകളറിയിച്ചു.
ഉഷയുടെ മകൻ ഉജ്ജ്വലും അമ്മ ലക്ഷ്മിയും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഇരുവർക്കും മധുരം നൽകി ആഹ്ലാദം പങ്കിട്ടാണ് ബി.ജെ.പി നേതൃസംഘം മടങ്ങിയത്. വെള്ളിയാഴ്ച ഉഷ നാട്ടിലെത്തിയശേഷം സ്വീകരണമൊരുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.