യു.എസ്.എസ് നേട്ടം: നേഹയെ തേടി വിദ്യാഭ്യാസമന്ത്രിയുടെ വിളിയെത്തി
text_fieldsചെറുവത്തൂർ: ശാരീരിക വിഷമതകളെ തോൽപിച്ച് യു.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ നേഹക്ക് വിദ്യാഭ്യാസമന്ത്രിയുടെ വിളിയെത്തി. നന്നായി പഠിക്കണം. ഒപ്പമുണ്ടെന്ന മന്ത്രിയുടെ വാക്കിൽ ആവേശംെകാണ്ടിരിക്കുകയാണ് നേഹ.
കാസർകോട് ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിലെ നേഹ ‘വീട് വിദ്യാലയം’ പദ്ധതിയിലൂടെയാണ് യു.എസ്.എസ് പരീക്ഷവിജയം നേടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിവഴി ഒരു ഭിന്നശേഷിക്കാരി യു.എസ്.എസ് പരീക്ഷയിൽ വിജയിക്കുന്നത്. മൂന്നാം ക്ലാസുവരെ മാത്രമാണ് നേഹ സ്കൂളിൽ പഠിച്ചത്. നാലുവർഷമായി കിടപ്പിലാണ്. എല്ലുപൊടിയുന്ന അസുഖവും കാഴ്ചക്കുറവുമുള്ളതിനാലാണ് സ്‌കൂളിൽ പോകാൻ കഴിയാത്തത്. കൂട്ടുകാരും അധ്യാപകരും ഇടയ്ക്കിടെ വീട്ടിലെത്തും. ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപിക പി. പ്രസീതയുടെ നേതൃത്വത്തിൽ ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിലെ അധ്യാപകരാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നത്.
66 മാർക്ക് നേടിയാണ് മിടുക്കി യു.എസ്.എസ് സ്കോളർഷിപ് സ്വന്തമാക്കിയത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നെ പുസ്തകങ്ങളായിരുന്നു അവളുടെ ലോകം. അച്ചാച്ചൻ വായിച്ചുനൽകുന്ന ഓരോ വാക്കുകളും അവൾ ഹൃദിസ്ഥ മാക്കി. പതിയെ പതിയെ കവിതകളും കഥകളും എഴുതാൻ തുടങ്ങി. സ്കൂളിൽ പോകാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ടെങ്കിലും സ്കൂൾ പ്രധാനാധ്യാപിക ഉഷ ടീച്ചറും മറ്റ് അധ്യാപകരും നേഹയുടെ സഹപാഠികളും വിശേഷദിവസങ്ങളിൽ വീട്ടിൽ എത്താറുണ്ട്.
ബി.ആർ.സി ചെറുവത്തൂർ നടത്തിയ വീടൊരു വിദ്യാലയം പരിപാടി നേഹ മോൾക്ക് നൽകിയ സന്തോഷത്തിന് അതിരില്ലായിരുന്നു. നേഹയുടെ പിറന്നാൾ ദിനത്തിലും സ്കൂൾ അന്തരീക്ഷം ഒരുക്കി നേഹയുടെ വീട്ടിൽവെച്ചായിരുന്നു ആഘോഷങ്ങയും ക്ലാസും നടത്തിയത്. നേഹ എഴുതിയ കവിതകൾ സ്നേഹാമൃതം എന്ന പേരിൽ ചെറുവത്തൂർ ബി.ആർ.സി പ്രസിദ്ധീകരിച്ചിരുന്നു. വിമുക്തഭടനായ പ്രകാശെൻറയും അധ്യാപിക ദീപയുടെയും മകളാണ് നേഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.