ഉത്തര പാണക്കാട് തങ്ങളെ വിളിച്ചു; സ്വപ്നഭവനം യാഥാർഥ്യമായി
text_fieldsആലപ്പുഴ: രണ്ട് വര്‍ഷം മുമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഉത്തര എന്ന വീട്ടമ്മ ഫോണില്‍ വിളിച്ച ചോദ്യത്തിന് ഇന്ന് ഉത്തരം പൂര്‍ണമാകുകയാണ്. എനിക്കും കുടുംബത്തിനും സുരക്ഷിതമായി കിടാക്കാനൊരിടം കിട്ടുമൊ എന്നായിരുന്നു ആ വീട്ടമ്മ ആവശ്യപ്പെട്ടത്.
കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പോഞാൻതറച്ചിറയിൽ ബാർബർ തൊഴിലാളിയായ രാജേഷിന്റെ ഭാര്യയാണ് ഉത്തര. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശത്തെ തുടര്‍ന്ന് ഒട്ടും വൈകാതെ മുസ്ലിംലീഗ് ആലപ്പുഴ ജില്ല ട്രഷറർ കമാൽ.എം.മാക്കിയിലും, സുഹൃത്തുക്കളായ വി.എസ്. ഹാർഡ് വെയേഴ്സ് ഉടമ ഷംസും ഉത്തരയുടെ വീട് സന്ദർശിക്കുകയും സുരക്ഷിത ഭവനമെന്ന ഇവരുടെ സ്വപ്നം പൂർത്തിയാക്കി തരാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.
തുടർന്ന് കമാൽ എം മാക്കിയിലിന്റെയും മുസ്ലിംലീഗിലെ സഹപ്രവർത്തകരായ നജ്മൽ ബാബു, സുൽത്താന നൗഷാദ്, ബി.എ ഗഫൂർ, വി.എസ്. ഷംസ്, സത്താർയാഫി, അബ്ദുൽലത്തീഫ്, വാഹിദ് മാവുങ്കൽ, നാസർ താജ് തുടങ്ങിയവരുടെ സഹകരണത്തിൽ വീട് നിർമാണം പൂർത്തിയാക്കി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോല്‍ കൈമാറും.
വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കുട്ടനാട്ടിലെ ഷെഡ്ഡിൽ ഉത്തര, ഭർത്താവ് രാജേഷ് പെൺമക്കളായ ദയ (8), ദിയ (5) രോഗികളായ രാജേഷിന്റെ പിതാവ് രഘുനാഥൻ മാതാവ് രാജമ്മ എന്നിവർ ഒന്നിച്ചാണ് താമസം. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് അനുവദിച്ചുവെങ്കിലും ലഭിച്ച പണമുപയോഗിച്ച് നിർമാണം ആരംഭിച്ചിട്ടും പൂർത്തീകരിക്കാൻ സാധിച്ചില്ല. കുട്ടനാടിന്റെ സാഹചര്യത്തിൽ നിർമാണ സാമഗ്രികളുടെ നാലിരട്ടി ചെലവാണ് അത് വീട്ടിലെത്തിക്കാൻ വേണ്ടിവന്നത്. തുടര്‍ന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലില്‍ ഇവർക്ക് കിടപ്പാടം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.