ഉത്ര വധക്കേസ്: ബാങ്ക് ലോക്കർ കൈകാര്യം ചെയ്തത് സൂരജ്
text_fieldsകൊല്ലം: ഉത്ര വധക്കേസിൽ സാക്ഷി വിസ്താരം പുരോഗമിക്കുന്നു.
ഇടപാടുണ്ടായിരുന്ന ബാങ്കിലെ മാനേജർ, അസി. മാേനജർ, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ സാക്ഷികളായി വിസ്തരിച്ചു. എല്ലാ മാസവും ഉത്ര ഏജൻസി എന്ന സ്ഥാപനത്തിൽനിന്ന് സൂരജിെൻറ അക്കൗണ്ടിൽ 8000 രൂപ വീതം എത്താറുണ്ടായിരുന്നെന്ന് ഇടപാടുണ്ടായിരുന്ന അടൂർ ഫെഡറൽ ബാങ്കിലെ മാനേജർ ജ്യോതി മൊഴിനൽകി.
2018 ഫെബ്രുവരിയിൽ മൂന്നു ലക്ഷം രൂപ ഏജൻസിയിൽനിന്ന് അക്കൗണ്ടിലെത്തി. 2018 ഏപ്രിൽ എട്ടിന് ഉത്രയുടെയും സൂരജിെൻറയും പേരിൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ തുറന്നു. പിന്നീട് ലോക്കർ തുറന്നതെല്ലാം സൂരജായിരുന്നു. 2019 ഏപ്രിൽ നാലിന് ലോക്കർ തുറന്ന ദിവസം തന്നെ ഒരുലക്ഷം രൂപയ്ക്ക് സ്വർണം പണയംവെച്ചു.
2020 മാർച്ച് രണ്ടിന് ഉത്രയെ അണലി കടിച്ച ദിവസവും ബാങ്കിലെത്തി ലോക്കർ തുറന്നു. 2020 മേയ് 15 ന് സൂരജും പൊലീസുകാരും ഉത്രയുടെ ബന്ധുക്കളും കൂടി ലോക്കർ തുറക്കാൻ വന്നെങ്കിലും കേസുള്ളതിനാൽ അനുവദിച്ചില്ലെന്നും മാനേജർ മൊഴി നൽകി. സൂരജ് ബാങ്കിലെത്തുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിൽ ഹാജരാക്കിയ അസി. മാനേജർ മനു ദൃശ്യങ്ങളും പ്രതിയെയും കോടതിയിൽ കണ്ട് തിരിച്ചറിഞ്ഞു.
അഞ്ചൽ ഏറം മേഖലയിൽനിന്നോ പറക്കാട് ഭാഗത്തുനിന്നോ പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടതായി റിപ്പോർട്ടിൽ കാണുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ദിൻഷ്, ഉല്ലാസ് എന്നിവർ മൊഴി നൽകി.
വന്യജീവികളെ ജനവാസപ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തി കാട്ടിൽ തിരികെവിടുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളാണിവർ. കാട്ടിൽ തിരികെ വിടുന്ന പാമ്പുകളെയും മൃഗങ്ങളെയും കുറിച്ചുള്ള രേഖകൾ ടീം സൂക്ഷിക്കും. ഇതനുസരിച്ച് അഞ്ചൽ ഏറം മേഖലയിൽനിന്ന് മൂർഖൻ പാമ്പുകളെ പിടിച്ചതായോ കാട്ടിൽ വിട്ടതായോ റിപ്പോർട്ടില്ല.
പറക്കോട് ഭാഗത്തുനിന്ന് അണലിയെ കിട്ടിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പെരുമ്പാമ്പുകളെ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും ഇവർ മൊഴി നൽകി.
ഏറം ഭാഗത്ത് മയിലുകളെ കാണാറുണ്ടെന്നും രക്ഷപ്പെടുത്തി കാട്ടിലയച്ചിട്ടുണ്ടെന്നും മയിലുകൾ പാമ്പുകളെ ഭക്ഷിക്കാറുണ്ടെന്നും സാക്ഷി ഉല്ലാസ് മൊഴി നൽകി. ചൊവ്വാഴ്ച മൊബൈൽ കോൾ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ വിവിധ ടെലികോം കമ്പനി ഉദ്യോഗസ്ഥരെ സാക്ഷികളായി വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.