കൊലയാളിക്കൊപ്പം കഴിയാൻ അനുവദിക്കരുത്; പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ്
text_fieldsകൊല്ലം: ഉത്ര കൊലപാതക കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിൽനിന്ന് പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ. ഉത്രയുടെ ഒന്നര വയസുള്ള മകൻ സൂരജിന്‍റെ വീട്ടുകാർക്കൊപ്പമാണുള്ളത്. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളോടൊപ്പം കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും വിജയസേനൻ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് പദ്ധതിയിട്ടിരുന്നെന്നാണ് മനസിലാക്കുന്നത്. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ല. സൂരജിന്‍റെ വീട്ടുകാർക്ക് ക്രിമിനൽ സ്വഭാവമാണെന്നും വിജയസേനൻ പറഞ്ഞു.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സൂരജിനെ തിങ്കളാഴ്ച രാവിലെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവരാൻ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാർ പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പിൽനിന്നാണ് ജാർ കണ്ടെടുത്തത്. സൂരജ് തന്നെയാണ് ജാർ കണ്ടെടുത്ത് നൽകിയത്.
അരമണിക്കൂർ നേരം തെളിവെടുപ്പ് നടത്തിയ ശേഷമാണ് സൂരജിനെയും കൊണ്ട് പൊലീസ് മടങ്ങിയത്. അതേസമയം വികാര നിർഭരമായ രംഗങ്ങളായിരുന്നു വീട്ടിൽ അരങ്ങേറിയത്. മകളെ കൊലപ്പെടുത്തിയയാളെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞു. ഉത്രയെ താൻ കൊന്നിട്ടില്ലെന്ന് പറഞ്ഞായിരുന്നു സൂരജ് കരഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സൂരജിനെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.