ഉത്ര വധക്കേസ്: കൃത്യമായ ആസൂത്രണമുണ്ടെന്ന് സൂചന; സൂരജിന്റെ സുഹൃത്തുക്കളിൽനിന്ന് മൊഴിയെടുത്തു
text_fieldsകൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതി സൂരജിെൻറ സുഹൃത്തുക്കളിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. കൊലപാതക ആസൂത്രണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കാനാണിത്. ആദ്യഘട്ടത്തിൽ ഉത്രയുടെ സഹോദരനെതിരെ സൂരജ് മൊഴിനൽകിയതും അറസ്റ്റിലായശേഷം സൂരജിെൻറയും വീട്ടുകാരുടെയും പെരുമാറ്റവും കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഉത്രയെ മയക്കിക്കിടത്തിയാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും ഇക്കാര്യം ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ പറഞ്ഞു. 30 വരെ സൂരജ് പൊലീസ് കസ്റ്റഡിയിലുണ്ട്. അതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പാമ്പിനെ കൈമാറിയത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്.
ഉത്രയെ വധിക്കാനായി അണലിയെ സൂരജിന് കൈമാറിയത് അടൂരിലെ വീടിനടുത്തുവെച്ചാണ്. അന്ന് സുരേഷിനൊപ്പം ഇയാളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടാമത് മൂർഖനെ ൈകമാറിയത് ഏനാത്ത് പാലത്തിനടുത്ത് വെച്ചാണ്. അന്ന് സുരേഷ് ഒറ്റക്ക് ബൈക്കിലാണ് പാമ്പുമായെത്തിയത്. ഇതിന് രണ്ടിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഉത്രയെ കടിച്ച ഉഗ്രവിഷമുള്ള മൂർഖൻ പരിസരത്ത് അധികം കാണാത്ത ഇനമാണെന്നാണ് വിവരം. പാമ്പിെൻറ ഡി.എൻ.എ പരിശോധ ഫലവും ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ചേർത്ത് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.