സ്വന്തം ഫോണും സുരേഷിന്റെ മൊഴിയും സൂരജിനെ തിരിഞ്ഞുകൊത്തി
text_fieldsഅഞ്ചൽ: നീചമായ കൊലപാതകം നടത്തിയ സൂരജ് കെട്ടിപ്പൊക്കിയ നുണക്കഥകൾ ഒന്നൊന്നായി തിരിഞ്ഞുകൊത്താൻ കാരണമായത് സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷിെൻറ മൊഴിയും.
കൊട്ടാരക്കര എസ്.പി ഓഫിസിലെ മൊഴിയെടുക്കലിനിടെ പലതവണ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ സൂരജ് ശ്രമിച്ചു. എന്നാൽ, ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. പരമാവധി സ്വത്തുക്കൾ ഉത്രയുടെ വീട്ടിൽനിന്ന് സ്വന്തമാക്കിയ സ്വകാര്യ ബാങ്ക് ജീവനക്കാരനായ സൂരജിന് പിന്നീട് ഉത്രയെ ഒഴിവാക്കണമെന്നായി.
വിവാഹമോചനക്കേസും മറ്റുമായാൽ സ്വത്ത് തിരികെ കൊടുക്കേണ്ടിവരുമെന്ന് ഇയാൾ ഭയന്നു. ഇതല്ലാതെ ഒഴിവാക്കാൻ കണ്ടെത്തിയ മാർഗമാണ് പാമ്പിനെകൊണ്ട് കൊത്തിച്ച് അപായപ്പെടുത്തുക എന്നത്. പാമ്പിനെ കൈകാര്യം ചെയ്യാൻ ഇഷ്ടമുണ്ടായിരുന്ന സൂരജ് അതുകൊണ്ടുതന്നെ ആവഴിക്ക് ശ്രമിച്ചു.
ഇതിനായാണ് കല്ലുവാതുക്കലിലെ സുഹൃത്തും പാമ്പുപിടിത്തക്കാരനായ സുരേഷിനെ സമീപിക്കുന്നത്. സുരേഷിനെ ഇയാൾ പലതവണ ഫോൺ ചെയ്തിരുന്നു. ഇവർ തമ്മിൽ നിരവധി തവണ ഫോൺ സംഭാഷണം നടന്നതായി കണ്ടെത്തി.
മൂന്നുതവണയാണ് ഉത്രയെ വധിക്കാൻ ശ്രമം നടത്തിയതെന്ന് ഇയാൾ പറഞ്ഞു. ആദ്യം പാമ്പിനെ വീടിന് അകത്തുകൊണ്ടുവന്നിട്ടു. പാമ്പിനെ ഉത്ര കണ്ടതോടെ സൂരജ് അതിനെ പിടിച്ച് ചാക്കിലാക്കി. ഫെബ്രുവരി 29ന് സുരേഷിൽനിന്ന് 5000 രൂപക്ക് അണലിയെ വാങ്ങി. മാർച്ച് രണ്ടിന് ഇതിനെകൊണ്ട് ഉത്രയെ കൊത്തിച്ചു. വേദനിച്ചപ്പോൾ ഗുളിക നൽകി. രാത്രി ബോധരഹിതയായപ്പോൾ ആശുപത്രിയിലെത്തിച്ചു. പക്ഷേ, മൂന്നാഴ്ചത്തെ ചികിത്സക്കിടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചെത്തി. തുടർന്നാണ് മൂർഖനെ സുരേഷിൽനിന്ന് വാങ്ങിയതും കൊലപാതകം നടത്തിയതും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പഴുതടച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. അതേസമയം സഹോദരിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അതിൽ സൂരജിെൻറ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് സഹോദരൻ വിഷ്ണു വിജയൻ പറഞ്ഞു.
ഉത്രയുടെ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള മകനെ ഉത്രയുടെ രക്ഷാകർത്താക്കൾ ചൈൽഡ് ലൈൻ മുഖേന തിരികെ വാങ്ങി. ഏതാനും ദിവസം മുമ്പ് സൂരജ് കുട്ടിയെ കൊല്ലം ചൈൽഡ് ലൈൻ മുഖേന ഏറ്റുവാങ്ങി അടൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
ഉത്രയുടെ കൊലപാതകത്തിൽ കേരള വനിത കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ കമീഷൻ അംഗം ഡോ. ഷാഹിദാ കമാലിെൻറ നിർദേശപ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.