ഉത്ര വധക്കേസ്: വഴിത്തിരിവായത് അയൽവാസിയുടെ സംശയങ്ങൾ
text_fieldsഅഞ്ചൽ (കൊല്ലം): ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയുടെ മരണം കൊലപാതക കേസിലേക്ക് വഴിമാറിയത് പൊതുപ്രവർത്തകനും ഉത്രയുടെ അയൽവാസിയുമായ വേണുവിന് തോന്നിയ ചില സംശയങ്ങൾ. ഉത്രയുടെ മരണവിവരം അഞ്ചൽ പൊലീസിൽ ആദ്യം അറിയിക്കാൻ പിതാവ് വിജയസേനനും സഹോദരൻ വിഷു വിജയനും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനുമുമ്പ് വേണുവുമായി സംസാരിച്ചിരുന്നു.
ഈ സമയം അദ്ദേഹം ചില സംശയങ്ങൾ പങ്കുെവച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് മരണത്തിൽ സംശയമുണ്ടെന്ന് രക്ഷാകർത്താക്കൾ മൊഴിനൽകിയത്. സംസ്കാരചടങ്ങിനിടെ ഭർത്താവ് സൂരജിെൻറയും സൂരജിെൻറ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെയും പെരുമാറ്റരീതി സംശയം ജനിപ്പിച്ചു.
ചടങ്ങിനുശേഷം ഉത്രയുടെ രക്ഷാകർത്താക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും സംശയം ബലപ്പെടുത്തി. തുടർച്ചയായുണ്ടായ പാമ്പുകടികൾ, നിരന്തരമായുള്ള പണം ആവശ്യപ്പെടൽ എന്നിവയെല്ലാം ചേർത്തുവെച്ചപ്പോൾ മരണം അസ്വാഭാവികമാണെന്ന് ബലപ്പെട്ടു.
തുടർന്ന് സംശയങ്ങൾ ഉത്രയുടെ രക്ഷാകർത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട. ഡിവൈ.എസ്.പിയായ തെൻറയൊരു സുഹൃത്തുമായി ചേർന്ന് ആശയവിനിമയം നടത്തുകയും ചെയ്തു. തുടർന്നാണ് ഉത്രയുടെ രക്ഷാകർത്താക്കൾക്ക് വേണു വിശദവും സമഗ്രവുമായ പരാതി തയാറാക്കിനൽകിയത്.
ഈ പരാതിയാണ് പിന്നീട് റൂറൽ എസ്.പിക്ക് നൽകിയത്. പരാതി വായിച്ചപ്പോൾതന്നെ കഴമ്പുണ്ടെന്ന് എസ്.പിക്ക് ബോധ്യപ്പെട്ടു. ഇതോടെ കേരളത്തെ ഞെട്ടിച്ച സമാനതകളില്ലാത്ത കൊലക്കേസായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.