പ്ലാൻ ഫണ്ട് വിനിയോഗം: റവന്യു വകുപ്പിന് ഗുരുതര വീഴ്ചയെന്ന് എ.ജി
text_fieldsകോഴിക്കോട്: പ്ലാൻ ഫണ്ട് വിനിയോഗിക്കുന്നതിൽ റവന്യു വകുപ്പിന് ഗുരുതര വീഴ്ചയെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി )ന്റെ റിപ്പോർട്ട്. 2019-20 മുതൽ 2021-22 വരെയുള്ള പ്ലാൻ ഫണ്ടിന്റെ സൂക്ഷ്മപരിശോധനയാണ് എ.ജി നടത്തിയത്. ആറ് പദ്ധതികൾക്ക് അനുവദിച്ച തുകയും ചെലവഴിച്ച തുകയുമാണ് പരിശോധിച്ചത്.
ഇക്കാലയളവിൽ എല്ലാ വർഷങ്ങളിലും അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) പരിശീലനത്തിന്റെയും കേരള സ്റ്റേറ്റ് ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോജക്ടിന്റെയും കാര്യത്തിൽ, ഫണ്ടിന്റെ വിനിയോഗം 50 ശതമാനത്തിൽ താഴെയായിരുന്നു.
റവന്യു വകുപ്പിന്റെ താഴേത്തട്ടു മുതൽ ഉയർന്ന തലത്തിൽവരെയുള്ള ഉദ്യോഗസ്ഥർക്കു കാലഘട്ടത്തിന് അനുസരിച്ചുള്ള പരിശീലനവും പഠന സൗകര്യവും നൽകുന്ന സ്ഥാപനമാണ് ഐ.എൽ.ഡി.എം.
റവന്യു വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചു കൃത്യമായ മോണിറ്ററിങ് ഉണ്ടെന്നായിരുന്നു മുൻമന്ത്രി ഇ. ചന്ദ്രശേഖരനും മന്ത്രി കെ. രാജനും അവകാശപ്പെടുന്നത്. എല്ലാ ആഴ്ചയും വകുപ്പിന്റെ ഉന്നതതല യോഗം ചേരുന്നുണ്ട്. എല്ലാ മാസവും ഡെപ്യൂട്ടി കലക്ടർമാർവരെ ഉള്ളവരുടെ യോഗം ചേരുന്നുവെന്നും അവർ മറുപടി നൽകിയിരുന്നു. എന്നാൽ, റവന്യു വകുപ്പിന് പദ്ധതികൾക്ക് അനുവദിച്ച് തുക പൂർണായി സമയബന്ധിതമായി ചെലവഴിക്കുന്നുണ്ടോയെന്ന് ഉന്നത തലത്തിലും പരിശോധന നടക്കുന്നില്ല.
റവന്യു വകുപ്പിന്റെ കമ്പ്യൂട്ടർവൽക്കരണത്തിന് മുന്ന് വർഷം അനുവദിച്ചത് 51.83 കോടിയാണ്. ചെലവഴിച്ചതാകട്ടെ 29.08 കോടിയാണ്. ഏതാണ്ട് 56 ശതമാനമാണ് ചെലവഴിച്ചത്. ഐ.എൽ.ഡി.എമ്മിലെ പരിശീലനത്തിന് 4.28 കോടി അനുവദിച്ചതിൽ 2.02 കോടിയാണ് ചെലവഴിച്ചത്. 47.20 ശതമാനം മാത്രമാണ് ചെലവഴിച്ചത്. സ്മാർട്ട് റവന്യൂ ഓഫിസുകളുടെയും കേരള സ്റ്റേറ്റ് ലാൻഡ് റെക്കോർഡ്സ് മോഡമൈസേഷൻ മിഷന്റെയും കാര്യത്തിൽ, ഫണ്ടിന്റെ ഗണ്യമായ തുക വിനിയോഗിച്ചിട്ടില്ല.
സ്മാർട്ട് റവന്യു ഓഫിസുകൾക്ക് അനുവദിച്ചത് 122.53 കോടിയാണ്. അതിൽ 81.74 കോടിയാണ് ചെലവഴിച്ചത്. കേരള സ്റ്റേറ്റ് ലാൻഡ് ബാങ്ക് പദ്ധതിക്കായി 1.52 കോടി അനുദിച്ചു. അതിൽ 63 ലക്ഷമാണ് ചെലവഴിച്ചത്. ഏതാണ്ട് 41 ശതമാനമാണ് ചെലവഴിച്ചത്. ഭൂരേഖ മോഡനൈസേഷൻ മിഷന് 26 കോടി അനുവദിച്ചതിൽ 9.09 കോടിയാണ് ചെലവഴിച്ചത്. 34.96 ശതമാനമാണ് ചെലവഴിച്ചത്. ദുരന്തനിവാരണ മാനേജ്മെന്റ് (ഡി.ഇ.ഒ-ടി.ഇ.ഒ.സി) പ്രോജക്ടിന് 2.50 കോടി അനുവദിച്ചതിൽ 1.28 കോടിയാണ് ചെലവഴിച്ചത്.
പദ്ധതികളുടെ നടത്തിപ്പിലെ വികലമായ ആസൂത്രണം, നിർവഹണ ഉദ്യോഗസ്ഥരുടെ ദൂരക്കാഴ്ചയുടെയും കാര്യക്ഷമതയുടെയും അഭാവം, ബജറ്റ് നിയന്ത്രണത്തിന്റെ അഭാവം, ഉന്നതതലത്തിൽ നിന്നുള്ള പദ്ധതികളുടെ സമയോചിതമായ നിരീക്ഷണത്തിന്റെ അഭാവം എന്നിവയാണ് ഫണ്ട് വിനിയോഗിക്കാത്തതിന് കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.