കേരള രാഷ്ട്രീയത്തിലെ ചിരി മുഖ്യൻ െപാടുന്നനെ മറഞ്ഞു
text_fieldsകോട്ടയം: മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള പിണറായി വിജയെൻറ ചുണ്ടിൽ ചിരിതെളിയിക്കാൻ മറ്റൊരു വിജയൻ വേണമെന്ന് എൽ.ഡി.എഫ് നേതാക്കൾക്കിടയിൽ അടക്കംപറച്ചിലുണ്ടായിരുന്നു. അക്കാലത്ത് ഉഴവൂർ വിജയെൻറ ചിരിപ്പടക്കത്തിനുമുന്നിൽ പലപ്പോഴും പിണറായുടെ ഗൗരവം തോറ്റിട്ടുമുണ്ട്. ഇൗ ചിരിക്കരുത്തിൽ എൽ.ഡി.എഫ് ഘടകക്ഷി നേതാക്കൾക്കിടയിൽ ഒരുചുവട് മുന്നിലിരിക്കാൻ കഴിയുന്നയാളായിരുന്നു വിടപറഞ്ഞ ഉഴവൂർ വിജയൻ.
കോൺഗ്രസിലൂടെ രാഷട്രീയത്തിലേക്ക് എത്തിെയങ്കിലും പിന്നീട് ഇടതിനൊപ്പം ചേർന്ന അദ്ദേഹം ഉടയാത്ത ഖദറുമായി അവസാനംവരെ എൽ.ഡി.എഫിൽ ഉറച്ചുനിന്നു. സാധാരണക്കാർക്കൊപ്പം എന്നും നിലയുറപ്പിച്ച ഉഴവൂർ, കേരള രാഷ്ട്രീയത്തിൽ നർമത്തിെൻറ മേമ്പൊടി ചാലിച്ച് ആളെക്കൂട്ടുന്നവരിൽ മുൻനിരക്കാരനായിരുന്നു. കേട്ടവരുടെ മനസ്സിൽനിന്ന് അത്ര പെെട്ടന്ന് ഇറങ്ങിപ്പോകാത്ത തമാശകളായിരുന്നു തുറുപ്പ്ശീട്ട്. സ്കൂൾ കാലംതൊട്ട് വിജയൻ തമാശകൾക്കൊപ്പമായിരുന്നു. ഇതിെൻറ പേരിൽ സ്കൂളിൽനിന്ന് പലപ്പോഴും പുറത്ത് നിൽക്കേണ്ടിയും വന്നിട്ടുണ്ട്. തെൻറ നർമസംഭാഷണത്തിന് ഏറെ വഴക്കുകിട്ടിയൊരനുഭവം ഉഴവൂർ പലപ്പോഴും പങ്കുവെക്കുകയും ചെയ്യുമായിരുന്നു.
കോട്ടയം കുറിച്ചിത്താനം ഹൈസ്കൂളിലെ പഠനകാലത്തായിരുന്നു സംഭവം. സാമൂഹികപാഠം പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകൻ ക്ലാസിനിടെ ഹിമാലയം കാണാത്തവർ ചുരുങ്ങുമെന്ന് പറഞ്ഞു. ഇതുകേട്ട വിജയൻ ചുരുങ്ങിക്കൂടി ഇരുന്നു. ഇത് ശ്രദ്ധയിൽപെട്ട അധ്യാപകൻ എന്തുപറ്റിയെന്ന് ചോദിച്ചു. താൻ ഹിമാലയം കാണാത്തതിനാലാണ് ചുരുങ്ങിയതെന്നായിരുന്നു മറുപടി. കളിയാക്കിയതാണെന്ന് കരുതിയ അധ്യാപകൻ വിജയനെ ക്ലാസിൽനിന്ന് ഇറക്കിവിട്ടു. ക്ലാസ് മുറിയിൽനിന്ന് ഇറക്കിവിട്ട ആ നർമം പിന്നീട് കേരള രാഷട്രീയത്തിലേക്ക് പടർന്നുകയറി. ദൃശ്യമാധ്യമങ്ങൾ സജീവമായതോടെ വിജയെൻറ നമ്പറുകൾ മലയാളി വീട്ടകങ്ങളിലും ചർച്ചയായി.
കെ.ആർ. നാരായണെൻറ അയൽക്കാരനായിരുന്ന ഉഴവൂർ വിജയന് അദ്ദേഹത്തിെൻറ രാഷ്ട്രപതി സ്ഥാനം രാഷ്ട്രീയ ഉയർച്ചക്കുള്ള വളക്കുറൂമായി. തെരഞ്ഞെടുപ്പുകാലമാണ് വിജയെൻറ സുവർണനാളുകൾ. എല്ലായിടത്തുനിന്നും വിളിയെത്തും.
പത്തും ഇരുപതും തെരഞ്ഞെടുപ്പ് യോഗങ്ങളിലാകും പ്രസംഗം. പ്രധാന പ്രസംഗകൻ വരുന്നതുവരെ ജനത്തെ പിടിച്ചിരുത്താൻ വിജയൻ പ്രസംഗിക്കണമെന്ന് സംഘാടകർക്ക് നിർബന്ധമാണ്. കെ.എം. മാണിക്കെതിരെയുള്ള പ്രയോഗങ്ങളായിരുന്നു വിജയെൻറ പ്രസംഗത്തിലെ ഒഴിച്ചുകൂടാത്ത ചേരുവ. എവിടെയാണെങ്കിലും രാവിലെ എഴുന്നേറ്റാലുടൻ പത്രങ്ങളെല്ലാം അരിച്ചുപെറുക്കുകയെന്നതാണ് ശീലം. അവയിൽനിന്നാണ് അന്നന്നത്തെ ‘വക’ കണ്ടെത്തിയിരുന്നത്.
പഴയ കോൺഗ്രസുകാരനാണെങ്കിലും സി.പി.എം ഉഴവൂരിന് പ്രത്യേകമായൊരു സ്നേഹവും പരിഗണയും നൽകിയിരുന്നു. എത്ര വലിയ സി.പി.എം നേതാക്കളുണ്ടെങ്കിലും ഉഴവൂരിന് ഉൗഴം നൽകാതെ എൽ.ഡി.എഫ് സമ്മേളനങ്ങൾ അവസാനിക്കുന്ന പതിവുണ്ടായിരുന്നില്ല. രാഷ്ട്രീയ ഏതിരാളികളോടും മികച്ചബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിെൻറ നേതൃത്വത്തിനെതിരെ അവസാനകാലത്ത് പാർട്ടിയിൽ അസ്വാരസ്യങ്ങളും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.