കൊടുവള്ളി നഗരസഭയിൽ വി. അബ്ദു ചെയർമാനാകും
text_fieldsകൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗിലെ വി. അബ്ദു അധ്യക്ഷനാകും. മുൻ ഡെപ്യൂട്ടി ചെയർമാനായിരുന്ന എ.പി. മജീദിനെ അധ്യക്ഷനാക്കാനായിരുന്നു നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന ധാരണപ്രകാരമാണ് വി. അബ്ദു അധ്യക്ഷനാകുന്നത്.
എരഞ്ഞോണ 36ാം ഡിവിഷനിൽ എൽ.ഡി.എഫ് സ്വതന്ത്രയായ ഷാന നൗഷാജിനെ 75 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വി. അബ്ദു രണ്ടാം തവണയും നഗരസഭയിലെത്തുന്നത്.
മൂന്ന് തവണ മത്സരിച്ചവർ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിൽക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം നിലനിൽക്കെ യു.ഡി.എഫ് സ്വതന്ത്രനായി പനക്കോട് ഒന്നാം ഡിവിഷനിൽ മത്സരിച്ച് വിജയിച്ച മുൻ ഡെപ്യൂട്ടി ചെയർമാനായ എ.പി. മജീദിനെ ചെയർമാനാക്കാൻ അനുമതി തേടി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി വെള്ളിയാഴ്ച സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ എ.പി. മജീദിന് മാത്രം ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും കുറച്ച് സമയം കൂടി കാത്തിരിക്കണമെന്നും ഞായറാഴ്ച നേതൃത്വം അറിയിക്കുകയായിരുന്നു.
തുടർന്ന് നഗരസഭ മുസ്ലിം ലീഗ് പാർട്ടി ഭരവാഹികൾ ഉൾപ്പെട്ട വർക്കിങ് കമ്മിറ്റി ഞായറാഴ്ച വൈകീട്ട് യോഗം ചേർന്ന് വി. അബ്ദുവിനെ ചെയർമാൻ സ്ഥാനത്തേക്ക് ഏകകണ്ഠേന നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് അധ്യക്ഷന്‍റെ കാര്യത്തിലെ അനിശ്ചിതത്വത്തിന് അവസാനമായത്. തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിലാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.