വന്ദേ ഭാരതിന് തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.അബ്ദുറഹിമാന്‍
text_fieldsതിരുവനനന്തപുരം : ചൊവ്വാഴ്ച സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് ട്രെയിനിന് തിരൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കിയിട്ടുണ്ട്.
വന്ദേ ഭാരതിന്റെ ട്രയല്‍ റണ്ണില്‍ ചെങ്ങന്നൂരിലും തിരൂരിലും നിര്‍ത്തിയിരുന്നു. എന്നാല്‍, സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി സ്റ്റോപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് സ്‌റ്റേഷനും ഒഴിവാക്കി. ഏറെ യാത്രക്കാരുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷനുകളാണ് തിരൂരും ചെങ്ങന്നൂരും. ശബരിമല, പരുമല പള്ളി തുടങ്ങിയ നിരവധി പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ ഏറെ ആശ്രയിക്കുന്ന സ്‌റ്റേഷനാണ് ചെങ്ങന്നൂര്‍.
45 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ ഒരിടത്തും വന്ദേഭാരതിന് സ്‌റ്റോപ്പില്ല. തീര്‍ത്ഥാടനകേന്ദ്രങ്ങളായ തിരുനാവായ ക്ഷേത്രം, മമ്പുറം പള്ളി എന്നിവിടങ്ങളിലേക്കും കലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല, തുഞ്ചന്‍ പറമ്പ്, ലോക പ്രശസ്തമായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് തിരൂര്‍.
പാര്‍സല്‍ സര്‍വീസും യാത്രക്കാര്‍ വഴിയും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന തിരൂരില്‍ മുപ്പതോളം ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതും റെയില്‍വേയുടെ അവഗണനയുടെ ഭാഗമാണ്. പ്രധാനപ്പെട്ട പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തത് ചൂണ്ടിക്കാണിച്ച് റെയില്‍വേ അധികാരികളെ നേരിട്ടു കണ്ടും കത്തുകള്‍ മുഖേനയും പരാതിപ്പെട്ടിട്ടും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ല.
തികഞ്ഞ അരക്ഷിതാവസ്ഥയുള്ള റെയില്‍വേ സ്റ്റേഷനാണ് തിരൂരെന്നും അതിനാല്‍ രാത്രി ട്രെയിന്‍ നിര്‍ത്തുന്നത് പരിഗണിക്കാനാവില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് റെയില്‍വേ നല്‍കിയത്. ഈ അവഗണന അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.