വി. അബ്ദുറഹ്മാൻ: താനൂരിന്റെ കപ്പിത്താൻ
text_fieldsതാനൂരിൽനിന്ന് രണ്ടാം തവണയും നിയമസഭയിലെത്തിയ വി. അബ്ദുറഹ്മാെൻറ മന്ത്രിപദം ജനകീയനായ രാഷ്ട്രീയ പോരാളിക്കുള്ള ആദരം. താനൂരുകാരുടെ സ്വന്തം 'മാമൻ' അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളുടെ ബലത്തിലാണ് വീണ്ടും മത്സരിച്ചതും വോട്ടുചോദിച്ചതും. എതിരാളി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസായിട്ടും തുടക്കം മുതൽ അബ്ദുറഹ്മാന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല.
വേട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പും ജയിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞു. തന്നോടൊപ്പം പ്രവർത്തിച്ച ബൂത്ത് ഏജൻറുമാരെയും പ്രവർത്തകരെയും വിളിച്ച് ബിരിയാണി നൽകാനും അബ്ദുറഹ്മാൻ മറന്നില്ല. വോട്ടെണ്ണൽ ദിനം അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 985 വോട്ടിെൻറ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചുകയറി. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജില്ലയിൽനിന്നുള്ള മന്ത്രിയാകുമെന്ന കാര്യത്തിലും അബ്ദുറഹ്മാന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം, രണ്ടാം തവണ താനൂരിൽനിന്ന് മത്സരിക്കാനില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ച് മാറിനിന്ന അദ്ദേഹത്തെ ജയിച്ചാൽ മന്ത്രിസ്ഥാനം എന്ന പ്രതീക്ഷ നൽകിയാണ് വീണ്ടും രംഗത്തിറക്കിയത്.
രണ്ടാം തവണയും ജയം കൂടെ നിന്നതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി നറുക്കു വീഴുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന കെ.ടി. ജലീൽ അവസാന കാലത്ത് രാജിവെച്ചതും അബ്ദുറഹ്മാന് അനുകൂലമായി. 70 വർഷക്കാലത്തെ മുസ്ലിം ലീഗിെൻറ കോട്ടയായ താനൂരിൽ 2016ൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടിന് അട്ടിമറിച്ചാണ് ആദ്യമായി എം.എൽ.എയാകുന്നത്.
രാഷ്ട്രീയത്തിൽ താഴെ തട്ടിൽ നിന്നു തുടങ്ങിയതിനാൽ ജനകീയമായ പദ്ധതികളാണ് ആവിഷ്കരിച്ചത്. താനൂർ ഹാർബർ, 300 കോടിയുടെ കുടിവെള്ള പദ്ധതി, ആധുനിക സ്റ്റേഡിയങ്ങൾ, താലൂക്ക് ആശുപത്രി തുടങ്ങിയവ ഉദാഹരണങ്ങൾ.
ജനപ്രതിനിധിയായി തുടങ്ങുന്നത് സ്വന്തം നാടായ തിരൂരിൽനിന്നാണ്. ആദ്യം കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും നഗരസഭ വൈസ് ചെയർമാനുമായി. വിവാദങ്ങൾക്ക് മുഖം കൊടുക്കാത്ത വ്യക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.