'കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ മുന്നോട്ട് നയിച്ചു'; കാതോലിക്ക ബാവയെ അനുസ്മരിച്ച് വി.ഡി.സതീശൻ
text_fieldsതിരുവനന്തപുരം: സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത പ്രാര്‍ഥനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് അദ്ദേഹവുമായി കാല്‍ നൂറ്റാണ്ടു കാലത്തെ ആത്മബന്ധമുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ബലത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ട്.
'ഞാന്‍ നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. അതു കൊണ്ട് നീതിയുടെ കിരീടം എനിക്കായി ഒരുക്കി വെച്ചിരിക്കുന്നു' എന്ന വചനത്തില്‍ അടിയുറച്ച് വിശ്വസിച്ച ആത്മീയാചാര്യന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വി.ഡി സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.