Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഫർ സോൺ സർവേ...

ബഫർ സോൺ സർവേ പൂഴ്ത്തിയത് സംശയാസ്പദം, സുപ്രീംകോടതിയോട് കൂടുതൽ സമയം തേടണമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan 09786
cancel

തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച ഉപഗ്രഹ സർവേ സംസ്ഥാന സർക്കാർ പൂഴ്ത്തിയത് സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാനുവൽ സർവേ നടത്താൻ കിട്ടിയ സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ല. ആഗസ്റ്റ് 29ന് ഉപഗ്രഹ സർവേയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ആ റിപ്പോർട്ട് അപൂർണവും അവ്യക്തത നിറഞ്ഞതുമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതാണ്. എന്നാൽ, സർക്കാർ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തിവെച്ചെന്നും സതീശൻ പറഞ്ഞു.

ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വേ നടത്തി, വേണമെങ്കില്‍ ഉപഗ്രഹ സര്‍വേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളില്‍ കൃത്യമായ വിവരം നല്‍കാനാണ് ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിധി വന്നതിന് ശേഷം സമയമുണ്ടായിരുന്നിട്ടും സര്‍വേ നടത്തിയില്ല. പുതിയ വിവരങ്ങള്‍ക്ക് പകരം 2020 -21ല്‍ നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്നത്. പുതിയ സര്‍വേ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വേ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ?

2020 -21 മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ പറയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയല്ല ചെയ്യേണ്ടത്. ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള സാധരണക്കാരല്ല പരാതി നല്‍കേണ്ടത്. ബഫര്‍ സോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ വാദിച്ച് ബോധ്യപ്പെടുത്തേണ്ടത്. പഴയ റിപ്പോര്‍ട്ട് നല്‍കാതെ സുപ്രീംകോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം. പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകള്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെയും കണക്കെടുക്കണം.

ഇത്തരത്തില്‍ 90 ശതമാനമെങ്കിലും ശരിയായ സര്‍വേ റിപ്പോര്‍ട്ടാകണം സുപ്രീംകോടതിയില്‍ കൊടുക്കേണ്ടത്. ജനസാന്ദ്രതയും കൃഷിയിടങ്ങളുമുള്ള പ്രദേശത്തെയാണ് ബഫര്‍ സോണാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതിയെ ഈ റിപ്പോർട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് വേണ്ടിയാണ് മാനുവൽ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ടും സര്‍ക്കാര്‍ എന്തിനാണ് നാടകം കളിക്കുന്നത്?

ജനുവരിയില്‍ തന്നെ മാനുവല്‍ സര്‍വേ ആരംഭിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം ഇത്. വനം വകുപ്പ് മാത്രമല്ല സര്‍വേ നടത്തേണ്ടത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാമെന്ന് ഉത്തരവിലുണ്ട്. വനം മന്ത്രി ഉത്തരവ് വായിച്ച് നോക്കണം. ജനുവരിയില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ഏത് റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ പോകുന്നതെന്നു പോലും വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തോടെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത തെറ്റുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

മാനുവല്‍ സര്‍വേ നടത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ മാസങ്ങള്‍ സമയമുണ്ടായിരുന്നിട്ടും അതിന് തയാറായില്ല. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വ് റിപ്പോര്‍ട്ട് ആഗസ്റ്റ് 29-ന് കയ്യില്‍ കിട്ടിയിട്ടും മൂന്നര മാസം പൂഴ്ത്തി വച്ചു. വിവാദമായപ്പോഴാണ് മാനുവല്‍ സര്‍വേ നടത്തുമെന്ന് പറയുന്നത്. ഇപ്പോഴും അത് എന്ന് തുടങ്ങുമെന്നും വ്യക്തമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffer zoneVD Satheesan
News Summary - V. D. Satheesan said that buffer zone survey hoarding is suspicious
Next Story