ക്രിമിനലുകളെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് സി.പി.എം സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുന്നു -വി.ഡി. സതീശൻ
text_fieldsപത്തനംതിട്ട: തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഗുണ്ടകളെയും ക്രിമിനലുകളേയും ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് സി.പി.എം സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തു. കള്ളവോട്ട് തടയാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതക്കുകയാണ് പൊലീസ് ചെയ്തത്. നാണംകെട്ട പരിപാടിയാണ് പൊലീസിൻ്റേത്.
ഹൈകോടതി ഉത്തരവ് കാറ്റിൽ പറത്തിയ കോടതിയലക്ഷ്യമാണ് പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്തത്. കള്ളവോട്ട് ചെയ്യാൻ വന്നവരെ സംരക്ഷിച്ച പൊലീസ് സ്ഥാനാർഥികൾ അടക്കമുള്ള യു.ഡി.എഫ് പ്രവർത്തകരെ ക്രൂരമായി മർദിച്ചു.
പത്തനംതിട്ട ജില്ലയിൽ പൊലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് 21 ബാങ്കുകളാണ് സി.പി.എം പിടിച്ചെടുത്തത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ക്രിമിനൽ സംഘം കള്ളവോട്ട് ചെയ്യാൻ ഇറങ്ങിയിരിക്കുന്നു. കള്ളവോട്ട് ചെയ്യാൻ വന്നവർക്ക് പോലീസ് ഉദ്യോഗസ്ഥൻ നിർദേശം കൊടുക്കുന്ന വീഡിയോ ഞങ്ങളുടെ പക്കൽ ഉണ്ട്.
ആരോഗ്യമന്ത്രിയും സി.പി.എം ജില്ലാ സെക്രട്ടറിയും ചേർന്ന് ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചത് പത്തനംതിട്ടയിലാണ്. സി.പി.എം നേതാക്കളുടെ വീട്ട് പണിയാണ് പോലീസ് ചെയ്യുന്നത് . ഇത്തരം പോലീസുകാർ ചെവിയിൽ നുള്ളിക്കോ. ഒരാളെയും വെറുതെ വിടില്ല.
സഹകരണ മേഖല പ്രതിസന്ധിയിലാണ്. സഹകരണ ബാങ്കുകൾ തകരാതിരിക്കാൻ പ്രതിപക്ഷം ഇതുവരെ സർക്കാരിൻ്റെ കൂടെ നിന്നു. ഇത്തരം തോന്ന്യാസം കാണിച്ചിട്ടാണ് ഒരുമിച്ച് നിൽക്കണമെന്ന് സർക്കാർ പ്രതിപക്ഷത്തോട് പറയുന്നത്. ഇനി ഒരുമിച്ച് നിൽക്കലുമില്ല. സഹകരണ മേഖലയിലെ പ്രശ്നങ്ങൾ നേരിടാൻ സർക്കാരിന് നൽകിയ പിന്തുണ പ്രതിപക്ഷം പിൻവലിക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്ത ബാങ്കുകൾ ഭരിക്കാമെന്ന് ഒരാളും ധരിക്കണ്ട. ഇവിടങ്ങളിൽ എന്ത് സമീപനം സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആലോചിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.