ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം:ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മർദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാർഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല.
സാഞ്ചോസിനെ മർദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം.വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കൈയേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പൊലീസ് അധഃപതിക്കരുത്.
എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികള്‍ക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാർഥി സംഘടനകളിലും കാണുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാമ്പസുകളില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനമല്ല കൊടും ക്രൂരതയാണ് എസ്.എഫ്.ഐ ക്രിമനലുകള്‍ കാമ്പസുകളില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.