Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മും...

സി.പി.എമ്മും സര്‍ക്കാരും തൃശൂരില്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
സി.പി.എമ്മും സര്‍ക്കാരും തൃശൂരില്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: സി.പി.എമ്മും സര്‍ക്കാരും തൃശൂരില്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി യു.ഡി.എഫ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ പേരില്‍ നേതാക്കളെ അറസ്റ്റു ചെയ്യുമെന്ന സമ്മര്‍ദ്ദം ചെലുത്തി സി.പി.എമ്മുമായി ബി.ജെ.പി അവിഹിതമായ ഒരു ബന്ധമുണ്ടാക്കി. സി.പി.എം- ബി.ജെ.പി ബന്ധമാണ് തൃശൂരില്‍ സംഭവിച്ചത്. ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാന്‍ തൃശൂര്‍ പൂരം കലക്കാന്‍ പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.

ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് ഇടപെട്ട് പൂരം കലക്കുന്നത്. പൂരം കലക്കിയതിന്റെ പ്രതിഷേധം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സി.പി.എം വോട്ടുകള്‍ പോയി എന്നതു മാത്രമല്ല വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബി.ജെ.പിക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. തൃശൂരിലെ പരാജയം യു.ഡി.എഫും കോണ്‍ഗ്രസും പ്രത്യേകമായി പരിശോധിക്കും.

കേരളത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉജ്ജ്വലമായ വിജയങ്ങളുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കാവുന്ന വിജയമാണ് യു.ഡി.എഫിനുണ്ടായത്. സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത യു.ഡി.എഫ് പ്രവര്‍ത്തകരോടും നന്ദി പറയുന്നു. യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും ഐക്യത്തിന്റെ വിജയമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണിത്. അതുകൊണ്ടു തന്നെ ഈ വിജയം യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി സമ്മാനിക്കുന്നു.

ആലത്തൂരില്‍ നേരിയ വോട്ടിനാണ് സീറ്റ് നഷ്ടപ്പെട്ടത്. രാഷ്ട്രീയമായ വിജയമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായത്. സംസ്ഥാന സര്‍ക്കാരിന് എതിരായ അമര്‍ഷവും പ്രതിഷേധവും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷത്തിനും സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. നാല് സ്ഥാനാർഥികള്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിലും ഒമ്പത് സ്ഥാനാർഥികള്‍ ഒരു ലക്ഷം വോട്ടിന് മുകളിലുമാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച ഭൂരിപക്ഷം കിട്ടിയതും ഈ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ്.

ദേശീയ തലത്തില്‍ അതിശക്തമായ തിരിച്ചു വരവാണ് ഇന്ത്യ മുന്നണി നടത്തിയിരിക്കുന്നത്. ബി.ജെ.പിയെ വിറപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി വിജയിച്ചത്. നൂറിലധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസും തിരിച്ചുവരവ് നടത്തി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായി ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസുണ്ടാകും. അക്രമവും അനീതിയും ചെയ്യാന്‍ സംഘപരിവാറിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യ ചേരി അനുവദിക്കില്ല. സി.പി.എം ബി.ജെ.പി അവിഹിത ബന്ധം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തുമുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിക്ക് ഭയന്നാണ് സി.പി.എം ബി.ജെ.പിക്ക് വഴങ്ങിയത്.

കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയിലുണ്ടായിരുന്ന മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേദ്ക്കറെ എല്‍.ഡി.എഫ് കണ്‍വീനര്‍ എന്തിനാണ് കണ്ടതെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. മുഖ്യമന്ത്രിയും പ്രകാശ് ജാവദേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളിലാണ് ലാവലിന്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പായത്. ഈ ഉറപ്പിലാണ് കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട തുറക്കാനുള്ള സൗകര്യം സി.പി.എം ചെയ്തു കൊടുത്തത്. സി.പി.എം- ബി.ജെ.പി ബന്ധത്തെ യു.ഡി.എഫ് ഇനിയും തുറന്നു കാട്ടും. ജനങ്ങള്‍ ഈ സര്‍ക്കാരിനെ വെറുക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം.

മുഖ്യമന്ത്രി സി.എ.എയെ കുറിച്ച് പറഞ്ഞത് കാപട്യമാണ്. സി.എ.എ നടപ്പാക്കാതിരിക്കണമെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരണം. മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് സി.എ.എയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. പരാജയപ്പെട്ടതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആത്മപരിശോധനക്ക് എല്‍.ഡി.എഫ് തയാറാകണം. സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. കേരള കണ്ടിട്ടുള്ള ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024V. D. Satheesan
News Summary - V. D. Satheesan said that the CPM and the government had made it possible for the BJP to win in Thrissur.
Next Story