Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ അവകാശങ്ങള്‍...

പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വി.ഡി സതീശൻ; സ്പീക്കർക്ക് കത്ത് നൽകി

text_fields
bookmark_border
പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വി.ഡി സതീശൻ; സ്പീക്കർക്ക് കത്ത് നൽകി
cancel

തിരുവനന്തപുരം: അടിയന്തര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.

അടയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍:

ബഹു. സ്പീക്കര്‍,

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക അതിക്രമങ്ങള്‍, പോക്‌സോ കുറ്റകൃത്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താതിരുന്ന സര്‍ക്കാര്‍ നടപടി സംബന്ധിച്ച് ചട്ടം 50 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സാമാജികര്‍ നല്‍കിയ നോട്ടീസിന് അനുവാദം നല്‍കാതിരുന്ന ബഹുമാനപ്പെട്ട ചെയറിന്റെ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

വിഷയം ഹൈകോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതിനാല്‍ ചട്ടം 52(7) പ്രകാരം അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ചെയര്‍ അറിയിച്ചത്. എന്നാല്‍, നമ്മുടെ സഭയുടെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് പൊതുസമൂഹത്തിന് വ്യക്തത ഉണ്ടാകേണ്ട പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് കോടതി നടപടികളെ ബാധിക്കാത്ത രീതിയില്‍ സഭയില്‍ ചര്‍ച്ച അനുവദിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്.

21.2.2000 ല്‍ കൊല്ലം എസ്.എന്‍ കോളജ് പ്രിന്‍സിപ്പലിനെ ബന്ദിയാക്കി ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പിടീച്ചത് സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിനുള്ള ഉപക്ഷേപം അനുവദിച്ചുകൊണ്ട് അന്നത്തെ സ്പീക്കര്‍ എം. വിജയകുമാര്‍ വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു; 'ഈ സംഭവവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലുണ്ട്. കോടതിയലക്ഷ്യത്തിന്‍റെ ഒരു കേസ് ഹൈകോടതിയിലുണ്ട്. തുടര്‍ന്ന് മറ്റ് ജുഡീഷ്യല്‍ എന്‍ക്വയറിയുടെ സംഗതികളും പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഇത് അവതരിപ്പിക്കുന്ന സമയത്ത് സബ്ജുഡീസ് ആകാതെ കണ്ട് സംയമനം പാലിച്ചുകൊണ്ട് ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം.'

തുടര്‍ന്ന് 13.6.13, 17.6.13, 19.6.13, 20.6.13 തീയതികളില്‍ സോളാര്‍ വിഷയങ്ങളും, 14-ാം സമ്മേളന കാലയളവില്‍ 30.11.2015, 15.12.2015 എന്നീ തീയതികളില്‍ ബാര്‍കോഴ സംബന്ധമായ വിഷയങ്ങളും അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുകയും സ്പീക്കര്‍മാര്‍ പ്രസ്തുത നോട്ടീസുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

'It is the absolute privilege of the Legislature and Members thereof to discuss and deliberate all matters pertaining to the governance of the coutnry and its people. Freedom of Speech on the floor of the House is the essence of parliamentary democracy..... while applying the retsrictions regarding the rule of sub judice, it has to be ensured that primary right of freedom of speech is not unduly impaired to the prejudice of the Legislaturs' (Kaul and Shakdher (Seventh Edition) page 1190, 1191) എന്ന കാര്യം അടിയന്തര പ്രമേയ നോട്ടീസുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം നല്‍കുന്ന കീഴ്വഴക്കമാണ് നമ്മുടെ സഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നോട്ടീസ് നല്‍കിയ അംഗങ്ങളുടെ പേരുകള്‍ പോലും സഭയില്‍ പരാമര്‍ശിക്കാതെ അനുവാദം നിഷേധിക്കുന്ന സമീപനമാണ് ചെയര്‍ സ്വീകരിച്ചത്.

കേരളത്തിന്‍റെ പൊതുസമൂഹം സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉത്തരം ആവശ്യപ്പെടുന്ന ഗുരുതരമായ ഈ വിഷയം ജനങ്ങള്‍ക്ക് വേണ്ടി സഭാതലത്തില്‍ ഉന്നയിക്കാനുള്ള അനുവാദം മേല്‍പ്പറഞ്ഞ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രതിപക്ഷ സാമാജികര്‍ക്ക് നിഷേധിച്ച അങ്ങയുടെ നടപടി ദൗര്‍ഭാഗ്യകരമാണ്.

ചോദ്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ചട്ടം 36(2) ജെ യില്‍, ഒരു നിയമ കോടതിയുടെ തീരുമാനത്തില്‍ ഇരിക്കുന്ന യാതൊരു സംഗതിയും ചോദ്യത്തില്‍ പരാമര്‍ശിക്കരുതെന്ന് വ്യവസ്ഥ ഉണ്ടായിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ വാങ്മൂലം മറുപടി നല്‍കേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ 7.10.24 (ചോദ്യം നമ്പര്‍ 16, 24, 29) 9.10.24 (ചോദ്യം നമ്പര്‍ 84) തീയതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നതും ചട്ടം 50 പ്രകാരമുള്ള നോട്ടീസിന് മാത്രം അനുവാദം നല്‍കാത്ത ബഹുമാനപ്പെട്ട ചെയറിന്റെ നടപടിയെക്കുറിച്ച് ആശങ്ക ഉണ്ടാക്കുന്നു.

ചട്ടം 50 പ്രകാരമുള്ള നോട്ടീസുകള്‍ക്ക് സ്പീക്കര്‍ അനുവാദം നല്‍കാത്ത സാഹചര്യങ്ങളില്‍, സ്പീക്കറുടെ തീരുമാനത്തെ അംഗീകരിക്കുമ്പോള്‍ തന്നെ വിഷയം സഭാതലത്തില്‍ ഉന്നയിക്കുവാന്‍ കഴിയാത്തതില്‍ പ്രതിഷേധ സൂചകമായി വാക്ക് ഔട്ട് നടത്തുന്ന സമയത്ത് ഇപ്രകാരം നോട്ടീസ് നല്‍കാന്‍ ഇടയാക്കിയ സാഹചര്യം വ്യക്തമാക്കി സംസാരിക്കുന്നതിന് പ്രതിപക്ഷ നേതാവിനു സമയം അനുവദിക്കുന്ന രീതിയാണ് സഭയില്‍ പിന്തുടരുന്നത്. എന്നാല്‍, നോട്ടീസ് നല്‍കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വളരെ വേഗത്തില്‍ അവസാനിപ്പിക്കുന്ന ഇടപെടലുകള്‍ ആണ് ബഹുമാനപ്പെട്ട ചെയറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

19.11.96, 16.12.97, 17.12.99 തുടങ്ങിയ ദിവസങ്ങളില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യാനുള്ള ഉപക്ഷേപത്തിന് അനുവാദം നല്‍കിയില്ലെങ്കിലും വാക്ക് ഔട്ട് പ്രസംഗത്തില്‍ നോട്ടീസിന്റെ ഉദ്ദേശ്യം വ്യക്തമാക്കാന്‍ പ്രതിപക്ഷ നേതാവിന് അവസരം നല്‍കിയിട്ടുണ്ട്. കൂടാതെ 15.10.2001ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്റ അവതരണ അനുമതി വേളയില്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഇടപെട്ടുകൊണ്ട് വാക്ക് ഔട്ട് പ്രസംഗം അല്ലാതെ ദീര്‍ഘ നേരം നോട്ടീസ് നല്‍കിയ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനും പ്രതിപക്ഷ നേതാവിന് ഈ സഭയില്‍ അവസരം നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്‍ററി ജനാധിപത്യ ക്രമത്തില്‍ ഭരണ പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില്‍ സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്‌വഴക്കമാണ് (1987 നവംബര്‍ 2 ലെ റൂളിങ്) നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം ബഹുമാനപ്പെട്ട ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അത്യന്തം ഖേദകരമാണ്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ല.

ആയതിനാല്‍ ചട്ടം 50 പ്രകാരം സഭാനടപടികള്‍ നിര്‍ത്തിവെക്കുന്നതിനുള്ള ഉപക്ഷേപത്തിന് അനുവാദം നല്‍കുന്ന വിഷയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുവാന്‍ തയാറാകണമെന്നു ബഹുമാനപ്പെട്ട ചെയറിനോട് അഭ്യര്‍ഥിക്കുന്നു.

വി.ഡി. സതീശൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyAN ShamseerV D Satheesan
News Summary - V. D. Satheesan that opposition rights should be protected; The letter was given to the Speaker
Next Story