കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് വി.ഡി സതീശൻ
text_fieldsകാസര്‍കോട്: കെ. സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. കേസിലെ വാദിയായ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല. കുഴപ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേ? ബി.ജെ.പിയും സി.പി.എമ്മും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്. എല്ലാ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണയാണ്. കരുവന്നൂരിലെ അന്വേഷണവും എസ്.ഏഫ്.ഐ.ഒ അന്വേഷണവുമൊക്കെ എവിടെ പോയി എന്നും സതീശൻ ചോദിച്ചു.
സി.പി.എം-ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി സംഘ്പരിവാര്‍ കേരളത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയിലൂടെയാണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 13-ന് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരങ്ങള്‍ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ ലോബിയാണെന്ന് പറയുകയും ചെയ്തു. ഇതിനു പിന്നാലെ 21-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് വര്‍ഷത്തെ കള്ളക്കടത്തിന്റെ വിവരങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തെ കണക്കുകളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
29-ന് പി.ആര്‍ ഏജന്‍സി വഴിയുള്ള ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍വ്യൂവിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവിന്റെ ഭാഗമായുള്ള ഈ മൂന്നു ഡ്രാഫ്റ്റുകളും ഒരേ സ്ഥലത്താണ് തയാറാക്കിയത്. എന്നിട്ടും ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. പി.ആര്‍ ഏജന്‍സിയെ കുറിച്ചുള്ള ചോദ്യത്തിനും അവ്യക്തമായ മറുപടിയാണ്. മുഖ്യമന്ത്രി പറയാത്ത കാര്യം പത്രത്തിന് നല്‍കിയ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ചിട്ടും മിണ്ടാട്ടമില്ലല്ലോ?
എം.വി ഗോവിന്ദന്‍ പറയുന്നതു പോലെ പി.ആര്‍ ഏജന്‍സി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പി.ആര്‍ ഏജന്‍സി വഴിയാണ് ഇന്റര്‍വ്യൂവിനായി മുഖ്യമന്ത്രി സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വിശദീകരണ കുറിപ്പ് കൊടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടേ? മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.ആര്‍ ഏജന്‍സി മലപ്പുറത്തിന് എതിരായ പരാമര്‍ശം എഴുതിക്കൊടുത്തത്. അതേ ഏജന്‍സിയാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയതും. സംഘ്പരിവാര്‍ വര്‍ഷങ്ങളായി കേരളത്തെ കുറിച്ച്് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണിത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ തശൂരിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് എവിടെ പോയി? അതിനേക്കാള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വോട്ടുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. ആ വോട്ട് എവിടെ പോയെന്ന് ഗോവിന്ദന്‍ മാഷ് അന്വേഷിക്കട്ടെ. അല്ലാതെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാത്രം കണ്ട റിപ്പോര്‍ട്ട് ഗോവിന്ദന്‍ മാഷ് കണ്ടിട്ടില്ല.
മുസ് ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന കെ.ടി ജലീലിന്റെ നിലപാടാണ് യാഥാർഥ്യം. സി.പി.എമ്മാണ് ലീഗിനെ കുറിച്ച് മാറ്റി മാറ്റി പറഞ്ഞത്. എതിര്‍ത്ത കാലത്ത് വര്‍ഗീയ പാര്‍ട്ടിയാണെന്നും പിന്നാലെ നടന്നപ്പോള്‍ വര്‍ഗീയ പാര്‍ട്ടി അല്ലെന്നും പറഞ്ഞു. ലീഗ് എങ്ങനെയാണ് വര്‍ഗീയ പാര്‍ട്ടിയാകുന്നത്. എല്ലാ മതവിഭാഗങ്ങളിലെ ജനങ്ങളും വോട്ട് ചെയ്തിട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. വര്‍ഗീയമായി മറേണ്ട പല വിഷയങ്ങളിലും ലീഗ് നേതൃത്വം സദുദ്ദേശ്യത്തോടെ ഇടപെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതില്‍ പ്രാധാന പങ്ക് ലീഗി വഹിക്കുന്നുണ്ട്. ജലീല്‍ ലീഗില്‍ ഉണ്ടായിരുന്ന ആളാണ്. അതുകൊണ്ട് അതേക്കുറിച്ച് അദ്ദേഹത്തിന് അറിയാം. ജലീല്‍ അക്കാര്യം വീണ്ടും ആവര്‍ത്തിച്ച് പറയുന്നത് സ്വാഗതാര്‍ഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.