വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം
text_fieldsകൊച്ചി: പാലാരിവട്ടം േമൽപാലം അഴിമതിക്കേസിൽ സ്വകാര്യ ആശുപത്രിയിൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഗുരുതര അർബുദം മൂലമുള്ള മോശമായ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമടക്കമാണ് ഉപാധികൾ.
2020 നവംബർ 18നാണ് വിജിലൻസ് അന്വേഷണസംഘം ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. മൾട്ടിപ്പിൾ മൈലോമയെന്ന അർബുദത്തെതുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് കോടതിയുടെ അനുമതിയോടെ വിജിലൻസ് ചോദ്യംചെയ്തെങ്കിലും ആശുപത്രിയിൽ കഴിയുന്നതിനാൽ ജയിലിലേക്ക് മാറ്റിയില്ല. തുടർന്ന് ഇബ്രാഹീംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഡിസംബർ 14ന് ഹൈകോടതി തള്ളി.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിൽ ജാമ്യഹരജി നൽകാമെന്ന നിർദേശത്തോടെയായിരുന്നു ഹരജി തള്ളിയത്. എന്നാൽ, രോഗം അതിഗുരുതര അവസ്ഥയിലാണെന്നും ബന്ധുക്കൾക്കുപോലും സന്ദർശിക്കാൻ ജയിൽ അധികൃതരുടെ അനുമതി വേണമെന്നതുമടക്കം ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥ നീക്കാൻ കോടതിയെ സമീപിച്ചു. മാറിയ സാഹചര്യത്തിൽ ഏതുസമയത്തും ജാമ്യഹരജി നൽകാമെന്ന ഹൈകോടതി നിരീക്ഷണത്തെതുടർന്നാണ് രണ്ടാമതും ഹരജി നൽകിയത്.
ഇൗ ഹരജി പരിഗണിക്കുമ്പോൾ ഈ മാസം 16ന് നടക്കുന്ന കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷെൻറ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇബ്രാഹീംകുഞ്ഞ് വിചാരണകോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെങ്കിൽ ജയിലിൽ കഴിയാനും ബുദ്ധിമുട്ടില്ലെന്ന് വാക്കാൽ പറഞ്ഞ സിംഗിൾബെഞ്ച്, ഇൗ നടപടിയെ വിമർശിക്കുകയും മറുപടി നൽകാൻ ഹരജിക്കാരന് അവസരം നൽകുകയും ചെയ്തു.
വെള്ളിയാഴ്ച ജാമ്യഹരജി പരിഗണനക്കെത്തിയപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടിയുള്ള അപേക്ഷ പിൻവലിച്ചതായി ഹരജിക്കാരൻ അറിയിച്ചു. ആരോഗ്യസ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന ഈ മാസം ഏഴിലെ പുതിയ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കി. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രണ്ടുലക്ഷം രൂപയും തുല്യ തുകക്കുള്ള സ്വന്തവും രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ജില്ല വിട്ടുപോകരുതെന്നതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യംചെയ്യലിന് ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത്, പാസ്പോർട്ട് ഹാജരാക്കണം, നേരിട്ടോ അല്ലാതെയോ കേസിൽ ഇടെപടുകയോ കേസുമായി ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്.
കോടതിയിൽ വസ്തുതകൾ വെളിപ്പെടുത്തുന്നതിൽനിന്ന് ആരെയും തടയരുത്, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകൾ. വ്യവസ്ഥകൾ ലംഘിച്ചാൽ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.