പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എക്ക് ജാമ്യമില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളി. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹീംകുഞ്ഞിെൻറ ചികിത്സ തുടരട്ടെയെന്നും നില മെച്ചപ്പെട്ടശേഷം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിൽ വീണ്ടും ജാമ്യഹരജി നൽകാമെന്നും കോടതി വ്യക്തമാക്കി.
നവംബർ 18നാണ് സ്വകാര്യ ആശുപത്രിയിൽവെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പാലം നിർമാണക്കരാർ ആർ.ഡി.എസ് കമ്പനിക്ക് നൽകിയതിലും 8.25 കോടി രൂപ ചട്ടവിരുദ്ധമായി മൊബിലൈസേഷൻ അഡ്വാൻസായി അനുവദിച്ചതിലും അഴിമതിയുണ്ടെന്നാണ് കേസ്. കരാർ കമ്പനിക്ക് അനധികൃത ലാഭമുണ്ടാക്കിയ വകയിൽ വൻ തുക കോഴ വാങ്ങിയെന്നാണ് ആരോപണം. തനിക്കെതിരായ ആരോപണങ്ങളും കേസും ഉണ്ടായിട്ട് മാസങ്ങളായെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയപ്രേരിതമായാണ് അറസ്റ്റ് െചയ്തതെന്നായിരുന്നു ഹരജിക്കാരെൻറ വാദം. പാലം നിർമാണം നേരത്തെ പൂർത്തിയാക്കണമെന്ന സർക്കാർ തീരുമാനത്തതുടർന്നാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതെന്നും ഇബ്രാഹീംകുഞ്ഞ് വാദിച്ചു.
അറസ്റ്റിന് ഒരുദിവസം മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടിയ ഒരാൾക്ക് ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന് ആശുപത്രിയിലെ ചികിത്സ അനിവാര്യമാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരേണ്ടതും അനിവാര്യമാണ്. പ്രതിക്ക് പലതരത്തിലുള്ള രോഗബാധക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ കോവിഡ്കാലത്ത് ജാമ്യംനൽകി വീട്ടിലേക്ക് പോകണമെന്ന് പറയേണ്ട ആവശ്യമെന്താണെന്ന് കോടതി ആരാഞ്ഞു. ഹരജിക്കാരെനതിരായ ആരോപണം അതി ഗൗരവത്തിലുള്ളതാണ്. ഇതിൽ അന്വേഷണം നടന്നുവരുകയാണ്. ഇൗ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.