കേരളം പിണറായി തന്നെ ഭരിക്കട്ടെ എന്നാണ് രാഹുൽഗാന്ധിയുടെ തീരുമാനം -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് - യു.ഡി.എഫ് നേതാക്കൾ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭയിലേക്ക് സി.പി.എം, പാർലമെന്‍റിലേക്ക് കോൺഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തിൽ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും ധാരണയിലെത്തിയതാണെന്നും മുരളീധരൻ ആരോപിച്ചു.
സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എവിടെ വരെയെത്തി എന്നത് എല്ലാവർക്കും അറിയാം. സി.ബി.ഐ വരുമ്പോൾ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തിൽ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബംഗാളിൽ സി.പി.എമ്മിനെ തുടച്ച് നീക്കിയ ബിജെപി, കേരളത്തിലും തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ത്രീ സമൂഹം ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പമെന്നതിന്‍റെ സൂചനയാണ് പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനം വ്യക്തമാക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നത് കേന്ദ്രസർക്കാരാണ്. അതിന്‍റെ ഗുണഫലം കിട്ടാതിരിക്കാൻ തടസം സംസ്ഥാന സർക്കാരാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. അരി ലഭ്യമാകണമെങ്കിൽ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവർ പറഞ്ഞുതുടങ്ങി. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. തൃശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് അവിടെ കണ്ടത്. സംസ്ഥാനം മുഴുവൻ ഉള്ളവർ എത്തിയിരുന്നുവെങ്കിൽ തേക്കിൻകാട് മൈതാനത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥ ആയേനെ എന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.