ഒന്നുകിൽ ഷാഫിയും ഭഗവൽസിങ്ങും തട്ടിക്കൊണ്ടുപോകും, അല്ലെങ്കിൽ പ്രതിപക്ഷ എം.എൽ.എ പീഡിപ്പിക്കും; കേരളത്തിൽ സ്ത്രീകൾക്ക് രക്ഷയില്ല -മന്ത്രി വി. മുരളീധരൻ
text_fieldsന്യൂഡൽഹി: പിണറായി വിജയന്റെ ആറുവർഷത്തെ ഭരണത്തിൽ കേരളത്തിൽ കുറ്റകൃത്യം വർധിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിൽ സ്ത്രീകൾക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. ഒന്നുകിൽ ഷാഫിയും ഭഗവൽസിങ്ങും തട്ടിക്കൊണ്ടുപോകും, അല്ലെങ്കിൽ പ്രതിപക്ഷ എം.എൽ.എ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും എന്നതാണ് അവസ്ഥ. ജനം ഭയത്തില്‍ കഴിയുമ്പോള്‍ പിണറായി വിജയന്‍ വിദേശ ടൂറിലാണ്. റോം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെ പോലയാണ് കാര്യങ്ങൾ -മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ മുരളീധരൻ ആരോപിച്ചു. വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സംസ്ഥാനം മൂന്നരലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോൾ കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുന്ന ആധുനിക നീറോയാണ് പിണറായി വിജയൻ.
സർക്കാരല്ല യാത്രയുടെ ചെലവു വഹിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശകാര്യ വകുപ്പിനെ അറിയിച്ചത് സർക്കാർ ചെലവിൽ എന്നാണ്. ഇനി അങ്ങനെ അല്ലെങ്കിൽ, എന്തു ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവ്യക്തികളോ കുത്തക മുതലാളിമാരോ ഈ ചെലവു വഹിക്കുന്നത്? അധ്വാനിച്ചു ജീവിക്കുന്ന പ്രവാസികളുടെ ചെലവിൽ ഉല്ലാസ യാത്ര നടത്തുന്നതാണോ തൊഴിലാളിപ്പാർട്ടിയുടെ മുഖ്യമന്ത്രി ചെയ്യേണ്ടത്? വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല.
ഔദ്യോഗിക യാത്രയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഔദ്യോഗിക യാത്രയാണെങ്കിൽ കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതി ഏതൊക്കെ കാര്യങ്ങളിൽ അദ്ദേഹം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയട്ടെ. ഞാൻ അതു കഴിഞ്ഞു പറയാം. വിദേശത്തുപോകാനുള്ള അനുമതി വാങ്ങിയിട്ടുണ്ട്. ആ യാത്രാ ഉദ്ദേശ്യം അനുസരിച്ച് എന്തുകാര്യം നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്രത്തെ അറിയിച്ചതുമായി ബന്ധപ്പെട്ട ഒരു കാര്യവും അവിടെ നടന്നതായി അറിയില്ല. കുടുംബം സ്വന്തം നിലയിൽ പോകുന്നതിനെ ആരും തടസ്സപ്പെടുത്തില്ല.
വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. കേരളവും യുകെയും ധാരണാപത്രം ഒപ്പിട്ടു എന്നാണ് പറയുന്നത്. ഭരണഘടനയനുസരിച്ച് വിദേശകാര്യം കേന്ദ്രസർക്കാർ പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രാനുമതിയില്ലാതെ ഒരു കരാറും ഒപ്പിടാനാവില്ല. 7500 കോടിയുടെ വിദേശ നിക്ഷേപമാണ് യു.പിയിൽ നടന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഒരുവിദേശയാത്രയും നടത്താതെയാണ് ഇത് സാധ്യമാക്കിയതെന്നും വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.