മന്ത്രി റിയാസ് താലിബാൻ, ഐ.എസ് വക്താവാണോ എന്ന് വ്യക്തമാക്കണം -കേന്ദ്രമന്ത്രി വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്കൂൾ കലോത്സവ സ്വാഗതഗാന ചിത്രീകരണത്തിൽ ഭീകരന് മുസ്‍ലിംവേഷം നൽകിയത് മന്ത്രി റിയാസ് ചോദ്യംചെയ്തതിനെതിരെയാണ് മുരളീധരന്റെ പ്രതികരണം.
പി.എ. മുഹമ്മദ് റിയാസും യൂത്ത് ലീഗ് നേതാക്കളും ഈ വേഷത്തിൽ നടക്കുന്നവരാണോ എന്ന് ചോദിച്ച മുരളീധരൻ, ഈ നേതാക്കൾ ഇന്ത്യൻ മുസ്‍ലിംകളുടെ വക്താക്കളാണോ അതോ താലിബാന്‍റെയോ ഐ.എസിന്റെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
‘സ്വാഗതഗാനത്തിൽ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാൽ അത് ഇന്ത്യൻ മുസ്‍ലിമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയാണ്? വിയോജിപ്പ് പറയുന്ന പി.എ. മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോ? ഈ നേതാക്കൾ ഇന്ത്യൻ മുസ്‍ലിംകളുടെ വക്താക്കളാണോ താലിബാന്‍റെയോ ഐ.എസിന്റെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണം. എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണം’ -മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പഴയിടം മോഹനന്‍ നമ്പൂതിരിക്കും കലാകാരന്‍ കനകദാസിനും ജീവിക്കാന്‍ ഭയമുള്ളിടമായി കേരളം മാറിയെന്ന യാഥാർഥ്യം പരിശോധിക്കപ്പെടണം. ജാതിയുടെ പേരിൽ ആളുകളുടെ ജീവിതോപാധിയെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല.
സൈനിക ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ ധീരകൃത്യങ്ങള്‍ കാണിക്കാന്‍ പാടില്ല എന്നത് പറയുന്നത് ഉൾക്കൊള്ളാൻ പറ്റില്ല. ബേനസീർ ഭൂട്ടോയുടെ പടംവച്ച് ആഘോഷിക്കുന്നവർ സൈനികരോട് അസഹിഷ്ണുത കാണിക്കുമ്പോൾ ഇവരുടെ കൂറ് ആരോടെന്നത് തെളിയുകയാണ്. കമ്യൂണിസ്റ്റ് –കോണ്‍ഗ്രസ് അവസരവാദം കേരളസമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത്.
പകൽ ലഹരിവിരുദ്ധപ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സിപിഎമ്മിന്‍റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസിനെ ന്യായീകരിക്കുകയാണ് മന്ത്രിമാരും നേതാക്കൻമാരും. ജാഗ്രതക്കുറവ് മാത്രമെന്ന് മന്ത്രിമാരടക്കം പറയുമ്പോൾ പിന്നെ പൊലീസ് എന്ത് അന്വേഷിക്കാനാണ്?. സൂക്ഷിച്ച് കടത്തിയാൽ പ്രശ്നമില്ലെന്നും ജാഗ്രതക്കുറവ് വരാൻ പാടില്ലെന്നുമാണ് നേതാക്കൾ അണികൾക്ക് നൽകുന്ന സന്ദേശം -വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.