ശശി തരൂർ എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിനായ കോവാക്സിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് വി. മുരളീധരൻ രംഗത്ത്. തരൂർ എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്സിന് അനുമതി ലഭിച്ചത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പിന്തുണക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കോവാക്സിനും അംഗീകാരം നൽകിയതിനെതിരെയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി വിമർശനമുന്നയിച്ചത്. കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ ഇത് അപകടകരമാണെന്നുമാണ് തരൂർ ട്വിറ്ററിൽ പറഞ്ഞത്. കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ദയവായി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മുഴുവൻ പരീക്ഷഴും പൂർത്തിയാകുന്നതുവരെ ഇതിൻെറ ഉപയോഗം ഒഴിവാക്കണം. അതേസമയം അസ്ട്ര സെനക വാക്സിൻ ആരംഭിക്കുകയുമാകാം -ഇങ്ങനെയായിരുന്നു തരൂരിൻെറ ട്വീറ്റ്.
കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. രണ്ട് വാക്സിനുകളുടെയും പരീക്ഷണ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നൽകുകയാണെന്നുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സൊമാനി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പരീക്ഷണ ഘട്ടങ്ങൾ പൂർണമായും പൂർത്തിയാക്കാതെയാണ് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാരോപിച്ചാണ് വിമർശനമുയരുന്നത്. തരൂരിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.