ആ കത്ത് കേരളത്തെ അഭിനന്ദിച്ചതല്ല; മണ്ടത്തരം ബോധ്യമായതിൽ സന്തോഷം എന്നാണ് പറഞ്ഞത് -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളം മുന്നോട്ടുവെച്ച അപ്രായോഗിക നിർദേശം ഒഴിവാക്കി പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണെന്നുമാത്രമാണ് കേരളത്തിന് വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ പറയുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതിനെ അഭിനന്ദന കത്താക്കി പി.ആർ വർക്ക് ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് എന്നും അദ്ദേഹം ആരോപിച്ചു.
കിറ്റും കോവിഡ് പരിശോധനയും നടത്തി വരണമെന്ന അപ്രായോഗിക നിർദേശം ഒഴിവാക്കി പകരം മാസ്കും ഫേസ് ഷീൽഡും മതിയെന്ന പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണെന്നുമാത്രമാണ് കത്തിൽ പറയുന്നത്. എന്നുവെച്ചാൽ, മണ്ടത്തരം പറ്റി എന്നു ബോധ്യമായതിൽ സന്തോഷം എന്നാണ് പറഞ്ഞത്. അതിനെയാണ് കോംപ്ലിമെൻറ് ചെയ്തത്. ഇതെങ്ങിനെയാണ് അഭിനന്ദനമാവുക? കോംപ്ലിമെൻറും കൺഗ്രാജുലേഷനും തമ്മിലുള്ള അർഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നത്?
കേരളം ആവശ്യപ്പെട്ട മാസ്കും ഫേസ് ഷീൽഡും ഗ്ലൗസും ധരിക്കണമെന്ന നിർദേശം വിമാനക്കമ്പനികളെ അറിയിച്ചാൽ മതി. വിദേശകാര്യമന്ത്രാലയത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. നേരത്തെ െവച്ച കോവിഡ് പരിശോധന നിബന്ധനയിൽനിന്ന് നിങ്ങൾ പിൻമാറിയ വിവരം ഗൾഫിലെ എംബസികളെ അറിയിക്കാം എന്നു മാത്രമാണ് കത്തിൽ പറയുന്നത്.
24ന് എഴുതിയ കത്ത് പൂഴ്ത്തിവെച്ച് 25ന് എഴുതിയ കത്ത് മാത്രം പുറത്തുവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. യു.എൻ വെബിനാറിൽ പങ്കെടുത്തത് വരെ പി.ആർ വർക്ക് ചെയ്യുന്നത് നമൾ കണ്ടു. ഞാനൊക്കെ അത്തരം ഒരുപാട് വെബിനാറിൽ പങ്കെടുക്കാറുണ്ട്. അതൊക്കെ ഫ്ലക്സ് വെക്കാനും പി.ആർ വർക്ക് ചെയ്യാനും നിന്നാൽ അതിനേ സമയമുണ്ടാകൂ.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിരവധി കത്തിടപാട് നടത്താറുണ്ട്. അതിൽ ഔപചാരിക മര്യാദ പാലിക്കും. നിങ്ങളുടെ കത്തുകിട്ടി, കോംപ്ലിമെൻറ് ചെയ്യുന്നു എന്നൊക്കെ പറയും. ഔപചാരികതയുടെ പേരിൽ എഴുതിയ വാക്കുകൾ എടുത്ത് ഇതുപോലുള്ള അൽപത്തരം കാണിക്കുന്നത് മലയാളികളെ മുഴുവൻ പരിഹാസ്യരാക്കും. കേന്ദ്രം ഇത്തരം കത്തുകൾ പലസംസ്ഥാനങ്ങൾക്കും എഴുതാറുണ്ട്. ഒഡിഷക്കും െതലുങ്കാനക്കും ഹരിയാനക്കും ഒക്കെ കത്തയച്ചിട്ടുണ്ട്. അവരൊന്നും അത് പി.ആർ വർക്കിന് ഉപയോഗിക്കാറില്ല -മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.