‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ’; ഗണപതി ക്ഷേത്രത്തിന് 64 ലക്ഷം അനുവദിച്ചതിൽ പരിഹാസവുമായി വി. മുരളീധരൻ
text_fieldsന്യൂഡല്‍ഹി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ചതില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. 'മിത്തിനെ മുത്താക്കാന്‍' എന്തിനാണ് ഷംസീറേ ലക്ഷങ്ങളെന്നും വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഗണപതിയെക്കുറിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തില്‍ സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം തിരുത്ത് ആവശ്യപ്പെട്ട് തെരുവിലുണ്ട്. കുളം കലക്കുന്ന സമീപനവും അവസരവാദ നാടകവും സി.പി.എം ആദ്യം അവസാനിപ്പിക്കണം. ഇസ്‍ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കുകയും വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കുകയുമാണ്. കുളം കലക്കുന്ന സമീപനവും അവസരവാദ നാടകവും സി.പി.എം ആദ്യം അവസാനിപ്പിക്കണമെന്നും മുരളീധരൻ കുറിച്ചു.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് സർക്കാർ 64 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കോടിയേരിയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിനാണ് തുക അനുവദിച്ചത്. സ്പീക്കറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. പഴമയുടെ പ്രൗഢി നിലനിർത്തി കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും കുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. 'മിത്തിനെ മുത്താക്കാന്‍' എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്‍ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കും. വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും അവസരവാദ നാടകവും സി.പി.എം ആദ്യം അവസാനിപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.