ഇ.എം.സി.സി വ്യാജ സ്ഥാപനമാണെന്ന് അറിയിച്ചിട്ടും സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കടലാസ് സ്ഥാപനമാണെന്ന് കേന്ദ്രം അറിയിച്ചിട്ടും അത് അവഗണിച്ചാണ് സംസ്ഥാനം ധാരണപത്രം ഒപ്പിട്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കരാർ ഒപ്പിടുമ്പോൾതന്നെ ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് സംസ്ഥാന സർക്കാറിന് ബോധ്യമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചില്ലെന്ന മന്ത്രിമാരുടെ വാദം വിശ്വസനീയമല്ല. എല്ലാ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടും മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വൻ അഴിമതിക്കാണ് ലക്ഷ്യമിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.ഡി.എ തെരഞ്ഞെടുപ്പ് കാര്യാലയത്തിെൻറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിെൻറ അനുവാദം തേടണം. ഇ.എം.സി.സിയെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഒക്ടോബർ മൂന്നിനാണ് കേന്ദ്രത്തെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ന്യൂയോർക്കിലെ കോൺസൽ ജനറലിന് കൈമാറി. ഇ.എം.സി.സിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല. കമ്പനിയുടേത് വാടക കെട്ടിടത്തിെൻറ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്നനിലയിൽ അതിനെ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റിെൻറ മറുപടി.
വിദേശ കാര്യ മന്ത്രാലയം ഒക്ടോബർ 21നുതന്നെ ജ്യോതിലാലിന് മറുപടി നൽകി. ഉദ്യോഗസ്ഥർക്ക് അയക്കുന്ന കത്തിലെ വിവരങ്ങൾ മനസ്സിലാകാത്തത് ജയരാജെൻറ പരാജയമാണ്. ഇതിനുശേഷമാണ് ധാരണപത്രത്തിൽ ഒപ്പിടുന്നത്. അതായത് വിലാസത്തിൽ പ്രവർത്തിക്കാത്ത രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്. കേരള സർക്കാറിലെ ഉന്നതരുടെ അറിവോടെയാണ് ഇതൊക്കെ നടന്നതെന്നും മുരളീധരൻ പറഞ്ഞു.
ഷിജുവർഗീസിനെ തനിക്കറിയില്ല. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് താൻ ന്യൂയോർക്കിൽ പോയത്. ന്യൂയോർക്കിലെത്തിയപ്പോൾ ഒരുപാട് വിദേശ മലയാളികൾ അവിടെയുണ്ടായിരുന്നു. ഷിജുവർഗീസ് എന്നയാൾ തന്നെ കാണാനായി സമയം ചോദിച്ചിരുന്നുവോയെന്ന് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാൽ അറിയാമല്ലോയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.