കെ. മുരളീധരന് മറുപടിയുമായി വി. മുരളീധരൻ; ‘അലുമിനിയം പട്ടേൽ എന്ന് വിളിച്ചയാളെ പിന്നീട് താണുവണങ്ങുന്നത് കണ്ടതാണ്’
text_fieldsതിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന യാത്രയിൽ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എം.പിക്കും നൽകിയതിലെ എതിർപ്പാണ് കെ. മുരളീധരന്‍റെ വിമർശനത്തിന് പിന്നില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികൾ ആഗ്രഹിക്കേണ്ടത്. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എം.പിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഓരോ സാഹചര്യത്തിൽ ഓരോന്ന് പറയുന്ന രീതിയാണ് കെ. മുരളീധരന്‍റേത്. മുമ്പ് അലുമിനിയം പട്ടേൽ എന്ന് വിളിച്ചയാളെ പിന്നീട് താണുവണങ്ങി നിൽക്കുന്നത് നാം കണ്ടതാണ്. കഴിഞ്ഞ 50 വർഷമായി താൻ ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. കെ. മുരളീധരൻ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ട്. മറുപടി അർഹിക്കുന്ന ഒരു വിമർശനം പോലും അദ്ദേഹം ഉന്നയിച്ചിട്ടെന്നും വി. മുരളീധരൻ പറഞ്ഞു.
വന്ദേഭാരത് ട്രെയിൻ തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ് ബി.ജെ.പിയെന്ന് കെ. മുരളീധരന്‍ എം.പി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഉദ്ഘാടനയാത്രയെ ബി.ജെ.പി രാഷ്ട്രീയയാത്രയായി മാറ്റി. രണ്ടാം വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നു. സത്യത്തില്‍ കയറേണ്ടെന്ന് തോന്നിപ്പോയി. കാസർകോട്ടെ തുടക്കംമുതൽ തിരുവനന്തപുരത്തെ സമാപനംവരെ ബി.ജെ.പിയുടെ പാർട്ടി പരിപാടി പോലെയാണുണ്ടായത്.
ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതൽ തറക്കളി ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ ബി.ജെ.പി പ്രവർത്തകരുടെ ജാഥയും പ്രകടനവുമായിരുന്നു. ഇവിടങ്ങളിലെല്ലാം കേന്ദ്രമന്ത്രി വി. മുരളീധരൻ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണോയെന്ന് സംശയം തോന്നി.
സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതല്‍ പറയുന്നില്ല. എം.പിക്കുള്ള അതേ പാസ് ബി.ജെ.പി പ്രവർത്തകരുടെ കൈയിലുമുണ്ടായിരുന്നു. ബി.ജെ.പിക്കാരെ തിരിച്ചു കൊണ്ടു പോകാൻ സ്പെഷൽ ട്രെയിനും ഏർപ്പാടാക്കി.
പല റെയിൽവേ ഉദ്ഘാടനങ്ങളും കണ്ടിട്ടുണ്ട്. ഇതുപോലെ ആദ്യമാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നു. ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിന് എം.പിമാരെ ആദരിക്കുന്നുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഇത്രയും ബഹളത്തിൽ യാത്ര ചെയ്തതിന് പിന്നീടൊരു അവാർഡ് തന്നാൽ മതിയെന്ന് പറഞ്ഞ് ഞാനും പ്രേമചന്ദ്രനും തിരുവനന്തപുരത്തിറങ്ങി സ്ഥലം കാലിയാക്കിയെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.