മോദിയെയും ലാലിനെയും അടുപ്പിച്ചത് പൊരുതാനുളള മനസും ജീവിതത്തിലെ സുതാര്യതയും; ആശംസയുമായി വി. മുരളീധരൻ
text_fieldsകോഴിക്കോട്: നടൻ മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ നീണ്ട കുറിപ്പിലൂടെയാണ് അദ്ദേഹം താരത്തിന് ആശംസ നേർന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഏറെയിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇത്ര അനായാസമായി കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമുക്ക് തോന്നിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.
തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലഫ്റ്റനന്‍റ് കേണൽ പദവി സമ്മാനിച്ചത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാൽ. ലാലിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, പൊരുതാനുളള മനസും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയം കൊണ്ട് ഇരുവരെയും അടുപ്പിച്ചതെന്നും വി. മുരളീധരൻ കുറിച്ചു.
വി. മുരളീധരെൻറ ഫേസ്ബുക് പോസ്റ്റിെൻറ പൂർണ്ണരൂപം
മോഹൻലാൽ എന്ന വിസ്മയത്തിന് ഇന്ന് അറുപതിെൻറ നിറവ്. പരിചയപ്പെട്ട എല്ലാവർക്കും വിസ്മയങ്ങളുടെ കലവറയായ പ്രിയ കലാകാരൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഏറെയിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇത്ര അനായാസമായി കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമുക്ക് തോന്നിപ്പോകും.
എത്ര ലക്ഷണമൊത്ത നടനാണെങ്കിലും ഈ കൂടുമാറ്റം നടത്തുമ്പോൾ തെൻറ പൊതുവായ അഭിനയ ശൈലി അറിയാതെയാണെങ്കിലും എവിടെയെങ്കിലും കയറിക്കൂടും. പക്ഷേ മോഹൻലാൽ, നമ്മെ അവിടെയും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ലാൽ എന്ന താരത്തെക്കാൾ ലാൽ എന്ന നടന് ഒരു പകരക്കാരനില്ല.
ഇതിനെല്ലാമപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരെൻറ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലഫ്റ്റനൻറ് കേണൽ പദവി സമ്മാനിച്ചത്. അതിനായി മോഹൻലാൽ നടത്തിയ കഠിനാധ്വാനം രാജ്യസ്നേഹിയായ ഏതൊരു പൗരനും മാതൃകയാണ്. ഇന്ത്യൻ സൈന്യത്തിന് ലാൽ നൽകിയ ഊർജം വിലപ്പെട്ടതാണ്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാൽ. ലാലിെൻറ തന്നെ വാക്കുകൾ കടമെടുത്താൽ, പൊരുതാനുളള മനസും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയംകൊണ്ട് ഇരുവരേയും അടുപ്പിച്ചത്.
ലാൽ എന്ന മനുഷ്യനെപ്പറ്റി അദ്ദേഹത്തെ അടുത്തറിഞ്ഞ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുളളവരുടെ വേദനകൾ കാണുമ്പോൾ വിങ്ങിപ്പൊട്ടുന്ന സാധാരണക്കാരനാണ് അദ്ദേഹമെന്ന്. ആ സാന്ത്വനം എത്രയോ പേർക്ക് ജീവിതത്തിലേക്കുളള കച്ചിത്തുരുമ്പായെന്ന് പുറം ലോകം ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ ചേർത്ത് രൂപീകരിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. എത്രയോ പേർക്ക് ജീവിതത്തിലേക്കുളള വെളിച്ചമാകാൻ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്.
ലാൽ എന്ന നടന്, ലാൽ എന്ന മനുഷ്യന്, ലാൽ എന്ന രാജ്യസ്നേഹിക്ക് ഇങ്ങനെയൊക്കെയേ ആകാൻ കഴിയൂ... മലയാളികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും ഇതേപോലെ തന്നെ ഞങ്ങളിൽ ഒരാളായി തുടരുക.
പ്രിയ മോഹൻലാലിന് എല്ലാവിധ ജൻമദിനാശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.