തെരുവ്നായ പ്രശ്‌നം: മേനകയുടെ നിലപാട് അപലപനീയം- വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി മേനകഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രിക്ക് അയച്ച കത്തിൽ മുരളീധരൻ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബി.ജെ.പിയില്‍നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂവെന്നും മുരളീധരൻ പറയുന്നു.
കേന്ദ്ര മന്ത്രിക്കയച്ച കത്തിന്റെ മലയാള പരിഭാഷയുടെ പൂർണരൂപം
കേരളത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയും കുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍, തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേല്‍ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം പ്രസ്താവനകള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള, താങ്കള്‍കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബി.ജെ.പിയില്‍നിന്നും അകറ്റാനും മാത്രമേ ഉപകരിക്കൂ.
തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവൃദ്ധര്‍ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങള്‍ക്ക് എങ്ങനെയാണ് യോജിക്കാനാകുക?.
കേന്ദ്ര സര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുട്ടികള്‍ക്കാണ് കേരളത്തില്‍ തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ല.
തെരുവുനായ പ്രശ്‌നം താങ്കളുടെ വകുപ്പില്‍ പെടുന്നതല്ലെന്ന് ദയവായി ഓര്‍മിപ്പിക്കട്ടെ. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിയായിരിക്കേ പ്രകാശ് ജാവഡേക്കര്‍, ബിഹാറില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്ന നീല്‍ഗായി മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ താങ്കള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അത് വ്യക്തിപരമാണെന്നും കേന്ദ്ര മന്ത്രിസഭയുടെ നിലപാടല്ലെന്നുമുള്ള അസന്നിഗ്ധമായ അഭിപ്രായം മന്ത്രി ജാവഡേക്കര്‍ വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ.
രാജ്യത്തെ ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയില്‍ കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷേ താങ്കളുടെ വകുപ്പിനു കീഴില്‍ വരാത്ത ഒരു പ്രശ്‌നത്തില്‍ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡി.ജി.പിയോട് പറയാന്‍ താങ്കള്‍ക്ക് അവകാശമില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. വ്യക്തിപരമായി ഇത്തരത്തിലുള്ള അഭിപ്രായം പറയാന്‍ താങ്കള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായമായി മാത്രമേ ജനങ്ങള്‍ പരിഗണിക്കൂ. ഇത്തരം തെറ്റായ പ്രസ്താവനകള്‍ എതിരാളികള്‍ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയേയും ഇകഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രസ്താവനകളില്‍നിന്നും പിന്മാറണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.