ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എസ്.എഫ്.ഐയുടെ ഗുണ്ടകളെന്ന് വി. മുരളീധരൻ
text_fieldsഡൽഹി: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്.എഫ്.ഐയുടെ ഗുണ്ടകളെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് എതിരായ പൊലീസ് കേസ് തെളിയിക്കുന്നത് ഇതെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന്‍റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തമെന്നും പൊലീസ് നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ന്യായീകരിക്കുന്നത് അതുകൊണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. കേസ് അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
വധശ്രമമടക്കം ഒരു ഡസൻ കേസുകളിൽ പ്രതിയായ, സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് എം.വി.ഗോവിന്ദനും പൊലീസും രംഗത്തിറങ്ങുന്നത്. വ്യാജരേഖക്കാരിയായ എസ്.എഫ്.ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോഴാണ് മാധ്യമപ്രവർത്തക പ്രതിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ ഗൂണ്ടകൾ കലാലയം കീഴടക്കുമ്പോൾ അധ്യാപകർ പോലും നിസഹായരാവുന്നതിന് പലകുറി കേരളം സാക്ഷിയായതാണ്. തിരുവനന്തപുരം ലോ കോളജിലെ ഡോ.വി.കെ സഞ്ജുവും കാസർകോട് കോളജിലെ ഡോ.രമയുമെല്ലാം എസ്.എഫ്.ഐ അതിക്രമത്തിന് ഇരയായവരാണ്. ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ എന്ന സി.പി.എം നയമാണ് കുട്ടിസഖാക്കൾക്ക് ഊർജമേകുന്നത് എന്നും വി.മുരളീധരൻ സൂചിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ എം.വി ഗോവിന്ദന്റെ സ്റ്റഡി ക്ലാസുകൾ തുടരട്ടെ എന്നും മന്ത്രി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.