മുരളീധരെൻറ വകുപ്പിന് പ്രവാസി രാഷ്ട്രീയം
text_fieldsന്യൂഡൽഹി: കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക രംഗത്ത് പ്രവാസി സമൂഹം നിർണായക സ്വാധീനം ചെലുത്തുന്ന പശ്ചാത്തലത്തിൽ വി. മുരളീധരന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നൽകിയത് രാഷ്ട്രീയമായ കണക്കുകൂട്ടലുകൾ കൂടി മുൻനിർത്തിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിലെ പ്രവാസി സമൂഹത്തിെൻറ ശക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് മൻമോഹൻ സിങ് സർക്കാറിൽ വയലാർ രവിയേയും ഇ. അഹ്മദിനെയും ബന്ധപ്പെട്ട വകുപ്പുകളിൽ നിയമിച്ചത്. രവി പ്രവാസികാര്യ മന്ത്രിയായും ഇ. അഹ്മദ് വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിച്ചു. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവാസിസമൂഹത്തെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുക, പാർട്ടിയോടുള്ള സമീപനത്തെ സ്വാധീനിക്കുക എന്നീ ദൗത്യങ്ങളാണ് മുരളീധരന് പുതിയ പദവി വഴി പ്രത്യേകമായി നൽകുന്നത്.
ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള പ്രവാസി സമൂഹവുമായി സി.പി.എമ്മിനും കോൺഗ്രസിനും വിപുല ബന്ധങ്ങളുണ്ട്. പ്രവാസികൾ ഇൗ പാർട്ടികളിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്. ഗുജറാത്തിലെയും മറ്റും പ്രവാസി സമൂഹം ബി.ജെ.പിയുമായി അടുത്തുനിൽക്കുകയും ആ രാഷ്ട്രീയം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ്. എന്നാൽ, പ്രവാസിസമൂഹത്തിൽ സ്വാധീനം ചെലുത്തി കേരളത്തിൽ പാർട്ടിയോടുള്ള മനോഭാവം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.
സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയും വി.കെ. സിങ് സഹമന്ത്രിയുമായിരുന്നപ്പോൾ കേരളത്തിന് ഗൾഫ് മേഖലയും മറ്റുമായുള്ള അടുപ്പം ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. പാസ്പോർട്ട്, വിമാന യാത്ര, പുറംനാടുകളിലെ സംഘർഷങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ എന്നിവയിലെല്ലാം മലയാളികളായ പ്രവാസികൾക്ക് വിദേശകാര്യ വകുപ്പുമായി പല കാര്യങ്ങൾക്ക് അടിക്കടി ബന്ധപ്പെടേണ്ടി വരുന്നുമുണ്ട്. മറ്റു വകുപ്പുകളേക്കാൾ കേരളത്തിെൻറ കാര്യത്തിൽ വിദേശകാര്യ വകുപ്പിന് കൂടുതൽ പരിഗണന ലഭിച്ചത് ഇൗ പശ്ചാത്തലത്തിലാണ്.
കേന്ദ്രമന്ത്രി വി. മുരളീധരനെ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി അഭിനന്ദിക്കുന്നു. രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിലാണ് ആശംസകൾ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.