ഗുരുദര്‍ശനങ്ങള്‍ ഇന്നും കേരളത്തിന് വഴി കാട്ടിയാണെന്ന് വി.ശിവന്‍കുട്ടി
text_fieldsകൊച്ചി: ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ആധുനിക കാലഘട്ടത്തിലും കേരളത്തിനു വഴികാട്ടിയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ആലുവ എസ്.എന്‍.ഡി.പി സ്‌കൂളില്‍ ടാഗോര്‍ സന്ദര്‍ശന ശതാബ്ദി- കുമാരനാശാന്‍ സ്മൃതി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ആധുനിക കേരളത്തിന് അടിത്തറയിട്ട സാമൂഹിക മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ ശ്രീനാരായണ ഗുരുദേവനുണ്ട്. കേരള സമൂഹത്തില്‍ രൂപപ്പെട്ടുവന്ന നവോത്ഥാന ചിന്താഗതിക്കു കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും പകരാന്‍ ഗുരുവിനായി. കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ തലപ്പത്താണ് ഗുരുദേവന്റെ സ്ഥാനമെന്നും മന്ത്രി പറഞ്ഞു.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പേരില്‍ പട്ടികജാതി-വർഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ട സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ആശയം ഗുരുദേവന്‍ മുന്നോട്ടുവച്ചു. അമ്പലങ്ങള്‍ക്ക് ഒപ്പം തന്നെ നിരവധി വിദ്യാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. ആലുവ എസ്.എന്‍.ഡി.പി സ്‌കൂളിനു നിരവധി പ്രത്യേകതകളുണ്ട്. അതു ഗുരു സ്ഥാപിച്ച സ്‌കൂള്‍ എന്നതിനൊപ്പം തന്നെ മറ്റനേകം മഹാന്മാരുടെ പാദസ്പര്‍ശം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച വിദ്യാലയമാണിത്.
മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിദ്യാലയം സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമായിരിക്കികയാണ്. മഹാകവി കുമാരനാശാന്‍ ഈ വിദ്യാലയത്തിന്റെ പടിപ്പുര മാളികയില്‍ ഇരുന്നാണ് 'ദുരവസ്ഥ' രചിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുമാരനാശാന്‍ സ്മൃതി ആഘോഷങ്ങള്‍ക്കും തുടക്കമായിരിക്കുകയാണ്. സ്‌കൂളില്‍ നിന്നു വിരമമിക്കുന്ന പ്രധാന അധ്യാപിക സീമ കനകാംബരന്‍, അധ്യാപകരായ കെ.കെ ജിജി, ബിന്ദു ബി.രാജന്‍ എന്നിവരെ മന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ ആദരിച്ചു.
എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.